ചെന്നൈ: തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. ഇന്ന് ചെന്നൈയിലെ നീലാങ്കരയിലുള്ള വിജയ്‌യുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സമീപത്തെ കഫേയിലും സമയം ചെലവഴിച്ചു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും അടുപ്പവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രാഹുൽ ഗാന്ധിയുടെ യുവജനസമ്പർക്ക പരിപാടിയായ 'ഛാത്രോൻ കി ഗൂഞ്ച്' വൈകിട്ട് ചെന്നൈയിലെ ഐലൻഡ് ഗ്രൗണ്ട്സിൽ നടക്കാനിരിക്കെയാണ് സന്ദർശനം. തമിഴ്നാട്ടിലുടനീളം വെബ്‌സൈറ്റും ക്യു.ആർ കോഡുകളും വഴി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകർ അറിയിച്ചത്. അതേസമയം, വിജയ്‌യുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യതലസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ചർച്ച നടന്നതായാണ് വിവരം.
നീലാങ്കരയിലെ വസതിയിലെത്തിയ രാഹുൽ ഗാന്ധിയെ പുഞ്ചിരിയോടെയാണ് വിജയ് സ്വീകരിച്ചത്. ഏകദേശം ഒരു മണിക്കൂറോളം രാഹുൽ ഗാന്ധി വിജയ്‌ക്കൊപ്പം ചിലവഴിച്ചു. തുടർന്ന് ഇരുവരും സമീപത്തെ കഫേയിലേക്ക് പോയി. ഇരുവരെയും കാണാൻ കഫേയ്ക്കു ചുറ്റും നിരവധി പേരാണ് തടിച്ചുകൂടിയത്. രാഹുലും വിജയ്‌യും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഫേ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസും ടി.വി.കെയും സഖ്യത്തിലെത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന ടി.വി.കെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ഡി.എം.കെയിൽനിന്ന് കോൺഗ്രസ് അകന്നു. ഇതോടെ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കോൺഗ്രസ് ടി.വി.കെ ബന്ധം നിർണായകമാവുകയായിരുന്നു.
Rahul Gandhi met Tamil Nadu political leader C. Joseph Vijay in Chennai, visiting his residence and a café, ahead of Gandhi's youth outreach event. This significant meeting follows Congress supporting Vijay's TVK in a recent by-election, forming a new state alliance and signaling Congress's distancing from long-term ally DMK.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |