ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്ദർ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ തുടരുന്നതിനിടെ സഫ്ദർജങ് ഫ്ലൈഓവറിന് സമീപം മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രവർത്തകർ. കൈകൾ കൊട്ടിയും മുദ്രാവാക്യങ്ങൾ ഉയർത്തിയുമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. സമരക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെയും സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ പൊലീസ് നടപടികൾ തുടരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലും പ്രവേശനകവാടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് സഫ്ദർജങ് ഫ്ലൈഓവറിന് സമീപം ഐസ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇതിനകം 2000ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. രാജ്യതലസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തുന്നത്. എല്ലായിടത്തും ബാരിക്കേഡ് സ്ഥാപിക്കുകയും നിരവധി റോഡുകൾ പൂർണമായും അടയ്ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അതേസമയം, സിജെപിയുടെ പ്രതിഷേധത്തിനെതിരെയുള്ള നിയന്ത്രണങ്ങൾ ഡൽഹിയിലെ റെയിൽവേ യാത്രക്കാരെ ദുരിതത്തിലാക്കി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലും ട്രെയിൻ സർവീസുകൾ റദ്ദാക്കിയതും ചില മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഇതോടെ ട്രെയിൻ വിവരങ്ങൾ അറിയാനും മൊബൈൽ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താനും കഴിയാത്ത സാഹചര്യമുണ്ടായി. പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Delhi police continued arrests related to ongoing protests, detaining over 2000, including All India Students' Association members. Widespread restrictions under BNSS section 163 led to railway cancellations at major stations and mobile internet suspensions in parts of the city, severely impacting commuters and digital payments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |