
മുംബയ്: യാത്രക്കാരെ നിരീക്ഷിച്ചും ചുറ്റിത്തിരിഞ്ഞും സ്ഥിരസാന്നിദ്ധ്യമായ പൂച്ചയ്ക്ക് ഔദ്യോഗിക പദവി നൽകി മുംബയിലെ മെട്രോ സ്റ്റേഷൻ. ഗുന്ദാവലി മെട്രോ സ്റ്റേഷനിലാണിത്. സ്റ്റേഷനിൽ ചുറ്റിത്തിരിയുന്ന ചുവപ്പും വെള്ളയും കലർന്ന പൂച്ചയ്ക്ക് 'ചീഫ് ഫെലൈൻ ഓഫീസർ' (സി.എഫ്.ഒ) എന്ന വിളിപ്പേരാണ് മുംബയ് മെട്രോ ഓപറേഷൻ കോർപറേഷൻ ലിമിറ്റഡ് അധികൃതർ പദവി നൽകിയത്.
സ്റ്റേഷൻ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവർക്കും കണ്ട് ആസ്വദിക്കാൻ പാകത്തിന് കൃത്യമായ സ്ഥലങ്ങളിൽ ഇരിക്കുക എന്നിവയാണ് പൂച്ചയുടെ പ്രധാന ചുമതല.
ഒരു യാത്രക്കാരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച തമാശരൂപേണയുള്ള നിർദ്ദേശത്തോട് പ്രതികരിച്ചാണ് കമ്പനി ഈ തീരുമാനമെടുത്തത്. ഗുന്ദാവ്ലി സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപം പൂച്ച ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് സാമന്ത് എന്ന യാത്രക്കാരനാണ് എക്സിൽ കുറിപ്പിട്ടത്. 'നിലവിൽ വേതനമൊന്നുമില്ലാതെ ജോലി ചെയ്യുന്ന ഈ പാവം ജീവിക്ക് മെട്രോ അധികൃതർ എന്തെങ്കിലും ഔദ്യോഗിക പദവി നൽകണം' എന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെയാണ് മെട്രോ കോർപറേഷൻ രസകരമായ മറുപടിയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസവും രാവിലെ ഗുന്ദാവലി സ്റ്റേഷനിലെത്തുമ്പോൾ ഈ പൂച്ചയെ തിരയാറുണ്ടെന്ന് നിരവധി യാത്രക്കാർ കമന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |