ലക്‌നൗ: പുതിയ സ്‌കൂൾ കെട്ടിടം നിർമിക്കണമെന്ന ആവശ്യവുമായി ജെൻ ആൽഫ വിദ്യാർത്ഥികളുടെ പ്രതിഷേധം. സ്‌കൂൾ വളപ്പിന് പുറത്ത് കൂട്ടമായി ഇരുന്ന വിദ്യാർത്ഥികൾ ക്ലാസുകളിൽ പ്രവേശിക്കാൻ വിസമ്മതിച്ചു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ യമുനാ തീരത്തുള്ള ഭട്‌പുര്‍വ സമുഹി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തി പുതിയ കെട്ടിടം നിർമിക്കുമെന്ന ഉറപ്പ് നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
സ്‌കൂൾ കെട്ടിട നിർമാണം നീണ്ടുപോകുന്നതിലുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സമരത്തിലൂടെ പുറത്തുവന്നത്. വിഷയം സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. സ്‌കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥികളോട് പലതവണ ക്ലാസുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. ദേശീയപതാകയുമായി നിരവധി വിദ്യാർത്ഥികൾ സ്‌കൂളിന് പുറത്ത് സമാധാനപരമായി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി വിദ്യാർത്ഥികൾ നേരിട്ട് രംഗത്തിറങ്ങുന്ന സംഭവങ്ങൾ അടുത്തിടെയായി വർദ്ധിച്ചുവരകയാണ്. നേരത്തെ ഉത്തർപ്രദേശിലെ തന്നെ ഹമീർപൂരിൽ സ്‌കൂളിലേക്ക് സഞ്ചാരയോഗ്യമായ റോഡ് ആവശ്യപ്പെട്ട് 300ഓളം വിദ്യാർത്ഥികൾ ആറ് കിലോമീറ്റർ മാർച്ച് നടത്തിയിരുന്നു. ലക്നൗവിൽ അദ്ധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി 250ഓളം പെൺകുട്ടികളും പ്രതിഷേധിച്ചിരുന്നു.
ഉന്നാവിലും 200ലധികം വിദ്യാർത്ഥികൾ റോഡിലിരുന്ന് പ്രതിഷേധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ ജെൻസി വിദ്യാർത്ഥികൾ സമരങ്ങളിലൂടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, ഉത്തർപ്രദേശിൽ ജെൻ ആൽഫ വിദ്യാർത്ഥികളും തങ്ങളുടെ പ്രശ്നങ്ങൾക്കായി നേരിട്ട് തെരുവിലിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Students in Bhatpurwa Samuhi village, Uttar Pradesh, staged a peaceful protest demanding the construction of a new school building. They boycotted classes and said they would continue the protest until officials assured them of action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |