
ഇസ്ലാമാബാദ്: ഡോക്ടർമാർ 'ആരോഗ്യവാൻ" എന്ന് വിധിയെഴുതിയതോടെ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (73) വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതിയിലെ ആശങ്കകൾ പരിഗണിച്ച് ഇമ്രാനെ ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റണമെന്നും സെപ്തംബർ 16 വരെ അവിടെ തുടരണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
എന്നാൽ, വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിൽ ഇമ്രാനെ എത്തിച്ച അധികൃതർ അഞ്ച് മണിക്കൂർ നീണ്ട പരിശോധനകൾക്ക് ശേഷം അദ്ദേഹം ആരോഗ്യവാനാണെന്ന് അറിയിച്ചു. പുലർച്ചെ അഞ്ചോടെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തിരിച്ചെത്തിക്കുകയും ചെയ്തു.
സർക്കാർ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് കാട്ടി ഇമ്രാന്റെ പി.ടി.ഐ പാർട്ടി (പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ) രംഗത്തെത്തി. പാർട്ടി കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും. അതേസമയം, ഇമ്രാൻ ജയിലിൽ നിരന്തരം ഉപദ്രവിക്കപ്പെടുകയാണെന്ന് സഹോദരി ഡോ. ഉസ്മ ഖാൻ ആരോപിച്ചു. ആശുപത്രിയിൽ വച്ച് ഉസ്മ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇമ്രാന്റെ വലതു കണ്ണിന്റെ 85 ശതമാനം കാഴ്ച നഷ്ടമായെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചത്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |