SignIn
Kerala Kaumudi Online
Saturday, 22 August 2026 7.47 PM IST

'ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ പ്രതിസന്ധിയിലല്ല,​ ട്രോഫി നേടുകയാണ് ലക്ഷ്യം; മറ്റുള്ളവരുടെ വ്യൂസും ലൈക്കും ആവശ്യമില്ല'

READ ENGLISH VERSION
gautam-gambhir-
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന വിമർശനം തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ടീം നിലവിൽ മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ കേന്ദ്രീകരിച്ച് പുതിയൊരു ടീം രൂപപ്പെടുകയാണെന്നും ഗംഭീർ പറഞ്ഞു.

റാങ്കിംഗിനെക്കുറിച്ചോ പുറത്തുനിന്നുള്ള വിമർശനങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും ടീമിന്റെ പ്രധാന ലക്ഷ്യം കിരീടങ്ങൾ നേടുകയാണെന്നും ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഗംഭീർ വ്യക്തമാക്കി.

'വിമർശനങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്റെ ജോലി ട്രോഫികൾ നേടുക എന്നതാണ്. അതാണ് ഞാൻ വിശ്വസിക്കുന്നതും ശ്രദ്ധിക്കുന്നതും. മറ്റുള്ളവരിൽ നിന്ന് എന്നെ വ്യത്യസ്തനാക്കുന്നതും അതാണ്. വ്യൂസും ലൈക്കും കാര്യമാക്കേണ്ടതില്ല,' ഗംഭീർ പറഞ്ഞു.

'റാങ്കിംഗിന് പ്രാധാന്യമില്ല. നമ്മൾ പ്രതിസന്ധിയിലല്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മികച്ച രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. എന്റെ ജോലി ട്രോഫികൾ നേടുകയാണ്. അതാണ് ഞാൻ വിശ്വസിക്കുന്നതും പരിഗണിക്കുന്നതും. ക്രിക്കറ്റിൽ ഉയർച്ച താഴ്ചകളുണ്ടാകും. താരങ്ങളിൽ വിശ്വാസമർപ്പിക്കുകയും അവർക്ക് കൂടുതൽ അവസരം നൽകുകയും വേണം. ഒന്നോ രണ്ടോ മത്സരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കരുത്. 20 വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന ഏറ്റവും മികച്ച ബൗളിംഗ് നിരയെ ഇറക്കാനാണ് ഞങ്ങളുടെ ശ്രമം. കുൽദീപ് മികച്ച ബൗളറാണ്. ചിലപ്പോൾ തീരുമാനമെടുക്കേണ്ടത് ക്യാപ്‌ടൻ കൂടിയാണ്,' -ഗംഭീർ വ്യക്തമാക്കി.

രണ്ട് മത്സരങ്ങളുള്ള പരമ്പരകളേക്കാൾ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയാണ് ഉചിതമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിൽ തോൽക്കുന്ന ടീമിന് തിരിച്ചുവരാനുള്ള മികച്ച അവസരം മൂന്ന് മത്സര പരമ്പരയിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയാണ് ഏറ്റവും അനുയോജ്യം. താരങ്ങളുടെ ശരീരക്ഷമതയും വിശ്രമവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. പരിശീലനം നൽകുകയും ബൗളർമാർക്ക് വിശ്രമം അനുവദിക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ടെസ്റ്റിൽ തോറ്റാൽ തിരിച്ചുവരാനുള്ള അവസരം ലഭിക്കുന്ന രീതിയിൽ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയാണ് അഭികാമ്യം. അതുകൊണ്ടുതന്നെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഞാൻ ആഗ്രഹിക്കുന്നത്,' -ഗംഭീർ കൂട്ടിച്ചേർത്തു.

ഗംഭീർ പരിശീലക സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ടെസ്റ്റ് ടീമിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വിരാട് കൊ‌ഹ്‌ലി, ആർ. അശ്വിൻ, രോഹിത് ശർമ്മ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവർക്കെതിരായ പരമ്പരകളിലെ തോൽവികളും ടീമിനും പരിശീലകനുമെതിരെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

English Summary

Indian coach Gautam Gambhir rejected criticism about the Test team's performance, stating it's a transitional phase building around captain Shubman Gill. Ahead of the Sri Lanka Test, Gambhir emphasized winning trophies over rankings or external criticism. He believes in trusting players and providing opportunities. Gambhir also advocated for three-Test series, offering better comeback chances for teams after an initial loss.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, GAUTAM GAMBHIR, TESTCRICKET, LATESTNESWS, CRICKET NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360