ന്യൂഡൽഹി: യാത്രക്കാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. തങ്ങളുടെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഇന്ത്യയ്ക്കകത്ത് യാത്രചെയ്യുന്നവർക്കായി 20,000 സൗജന്യ ടിക്കറ്റുകൾ നൽകുമെന്നാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്.
'ഹാപ്പി ഇൻഡിഗോ ഡേ' ആഘോഷങ്ങളുടെ ഭാഗമായി ഇൻഡിഗോഫ്രീ എന്ന പേരിലാണ് കമ്പനി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം നിരക്ക് റീഫണ്ട് നൽകിക്കൊണ്ട് 20,000 സൗജന്യ ടിക്കറ്റുകൾ സമ്മാനമായി നൽകാനാണ് തീരുമാനം. ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, എഐ വെർച്വൽ അസിസ്റ്റന്റായ 6Eskai തുടങ്ങിയ ഇൻഡിഗോയുടെ നേരിട്ടുള്ള ബുക്കിംഗ് സംവിധാനങ്ങൾ വഴി 2026 ഓഗസ്റ്റ് നാല് മുതൽ ഓഗസ്റ്റ് ആറുവരെയുള്ള തീയതികളിൽ നടത്തുന്ന ആഭ്യന്തര വിമാന ബുക്കിംഗുകൾക്കാണ് ഈ ഓഫർ ലഭിക്കുക.
ഓഫർ കാലയളവിൽ ബുക്കിംഗ് നടത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ തിരഞ്ഞെടുക്കയെന്നും കമ്പനി വ്യക്തമാക്കി. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാർക്ക് ലളിതമായ ഒരു ചോദ്യത്തിന് മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇമെയിലിലോ വാട്സ്ആപ്പിലോ സന്ദേശം ലഭിക്കും. പരമാവധി മൂന്ന് തവണവരെ അവസരം നൽകിയിട്ടുള്ള ഈ ചോദ്യത്തിന് ശരിയായി ഉത്തരം നൽകുന്നവർക്ക് ഒരു പിഎൻആറിന് 10,000 രൂപ വരെ ബുക്കിംഗ് നിരക്ക് റീഫണ്ടായി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
ആഭ്യന്തര ഇക്കോണമി ക്ലാസ്, ഇൻഡിഗോസ്ട്രെച്ച് ബുക്കിംഗ് എന്നിവ നടത്തുന്ന യാത്രക്കാർക്കാണ് അവസരം. സൗജന്യയാത്ര ടിക്കറ്റിൽ വൺവേ-വേ, റിട്ടേൺ യാത്രകളും ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മുതൽ അഞ്ച് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ റീഫണ്ട് തുക ലഭ്യമാക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
To mark its 20th anniversary, IndiGo is offering 20,000 free flight tickets to passengers through a special promotional campaign. Eligible participants can claim the offer by following the airline's specified participation steps and terms.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |