
മുംബയ്: സംഗീതപരിപാടിക്കിടെ അമിതമായി മദ്യപിച്ച യുവാവ് മരിച്ചു. മുംബയിലെ വർളിയിലുള്ള എൻഎസ്‌സിഐ ഡോം വർളിയിൽ നടന്ന സംഗീതപരിപാടിയിൽ പെൺസുഹൃത്തിനൊപ്പം എത്തിയ മാഹിമിൽ താമസിക്കുന്ന വൃഷഭ് ഗംഗുർഡെ (28)യാണ് മരിച്ചത്. സംഗീതപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന വൃഷഭും പെൺസുഹൃത്തും. ഇതിനിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് ഇരുവരും കുഴഞ്ഞുവീണു. ഉടൻതന്നെ ഇവരെ ബ്രീച്‌ക്യാൻഡി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൃഷഭിനെ അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ഇയാളുടെ പെൺസുഹൃത്തിനെ ജസ്‌ലോക് ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണംചെയ്‌തു.
പൊലീസിന് ഇവർ നൽകിയ മൊഴിയനുസരിച്ച് മദ്യവും എനർജി ഡ്രിങ്കും മാത്രമാണ് കുടിച്ചത്. സംശയകരമായ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഗീതനിശ നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകളും മറ്റ് തെളിവുകളും പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അമിതമദ്യപാനം കാരണമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാനായി ഫൊറൻസിക് തെളിവുകൾക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. രാജ്യത്ത് മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത് സംഭവമാണിത്. ഗുഡ്‌ഗാവിൽ ഏപ്രിൽ മാസത്തിൽ എൻഇഎസ്‌സിഒ സെന്ററിൽ നടന്ന പരിപാടിക്കിടെ രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചിരുന്നു.
വർളിയിലെ സംഗീതനിശയ്‌ക്ക് പൊലീസ് ആദ്യം അനുമതി നൽകിയിരുന്നില്ല. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് ലോക്കൽ പൊലീസിന്റെ തീരുമാനത്തെ മറികടന്ന് അനുമതി നൽകി. പരിപാടി നടന്ന സ്റ്റേഡിയത്തിൽ നാല് മദ്യഷോപ്പുകളാണ് ഉള്ളത്. ഇവയ്‌ക്ക് അനുമതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |