SignIn
Kerala Kaumudi Online
Sunday, 07 June 2026 12.04 PM IST

മാസശമ്പളം വെറും 6000 രൂപ, റെയ്ഡിൽ പിടിച്ചെടുത്തത് കോടികളുടെ സ്വത്ത്; സർക്കാർ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

vigilance-raid

ഭുവനേശ്വർ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ. ഒഡീഷയിലെ കന്ധമാൽ ജില്ലയിലെ ഐടിഡിഎ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ബൈകുണ്ഠനാഥ് ബെഹ്‌റയാണ് പിടിയിലായത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുട‌ർന്ന് വിജിലൻസ് നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

ഭുവനേശ്വർ, ബാലസോർ, ജാജ്പൂർ, ബലിഗുഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഡീഷണൽ പൊലീസ് സൂപ്രണ്ടുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ എന്നിവരടങ്ങിയ വലിയൊരു സംഘമാണ് ഒരേസമയം ഒൻപതിടങ്ങളിൽ റെയ്ഡ് നടത്തിയത്. ബാങ്ക് ലോക്കറുകളിൽ നിന്നായി കണക്കിൽപ്പെടാത്ത രണ്ട് കോടിയിലധികം രൂപയുടെ പണവും സ്വത്തുക്കളുമാണ് വിജിലൻസ് കണ്ടെടുത്തത്.

റെയ്ഡിൽ ബെഹ്റയുടെ ഉടമസ്ഥതയിയിൽ അഞ്ച് ബഹുനില കെട്ടിടങ്ങളുമുള്ളതായി വിജിലൻസ് കണ്ടെത്തി. ഭുവനേശ്വറിലെ നീലാദ്രി വിഹാറിലുള്ള 10,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് നില കെട്ടിടവും, ഭുവനേശ്വറിലും ജാജ്പൂർ ജില്ലയിലുമായി നാല് പാർപ്പിട സമുച്ചയങ്ങളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പുറമെ ഭുവനേശ്വറിലെ പ്രധാന സ്ഥലങ്ങളിലുള്ള കോടികൾ വിലവരുന്ന ഏഴ് സ്ഥലങ്ങളും വിജിലൻസ് കണ്ടെടുത്തു.

വീടുകളിൽ നടത്തിയ പരിശോധനയിൽ 2.04 കോടി രൂപയും വിജിലൻസ് പിടിച്ചെടുത്തു.സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, തപാൽ സമ്പാദ്യങ്ങൾ, മറ്റ് സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയുടെ മൂല്യനിർണ്ണയം ഇപ്പോൾ നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കണക്കെടുപ്പിന് ശേഷം മാത്രമേ അദ്ദേഹത്തിന്റെ അനധികൃത സ്വത്തുക്കളുടെ കൃത്യമായ മൂല്യം അറിയാൻ കഴിയുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1999ലാണ് ബൈകുണ്ഠനാഥ് ബെഹ്‌റ ജൂനിയർ എഞ്ചിനീയറായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. അന്ന് ഇയാളുടെ മാസശമ്പളം വെറും 6,000 രൂപയായിരുന്നു. തുടർന്ന് വർഷങ്ങളോളം വിവിധ വികസന ഏജൻസികളിലും എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഇയാൾക്ക് ഈ വർഷം ഫെബ്രുവരി 12 നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി പ്രൊമോഷൻ ലഭിച്ചത്. എങ്ങനെയാണ് ഇത്രയും വലിയ തുകയുടെ സ്വത്തുക്കൾ ഇയാൾക്ക് ലഭിച്ചത് എന്നതിൽ വിജിൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SCAM, ENGINEER, ODISHA, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360