
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിച്ച് കൂടുതൽ എം.പിമാർ വിമതപക്ഷത്തേക്ക് എന്ന് റിപ്പോർട്ട്. രണ്ട് ലോക്സഭാ എം.പിമാർ കൂടി വിമതപക്ഷത്ത് തേരുമെന്ന് കകോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു. ഇതോടെ ലോക്സഭയിൽ വിമതരുടെ അംഗബലം 22 ആയി ഉയരും.
ലോക്സഭയിൽ 28 എം.പിമാരുള്ള പാർട്ടിയാണ് ടി.എം.സി. 22 എം.പിമാർ പാർട്ടി വിട്ടാൽ അവർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. തിങ്കളാഴ്ച സ്പീക്കറെ കണ്ട് സഭയിൽ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കകോലി ഘോഷ് അറിയിച്ചു. ഇവർ എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാലഞ്ചു വർഷമായി പശ്ചിമ ബംഗാളിൽ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ അതൃപ്തിയുള്ളവരാണ് തങ്ങളുമായി ബന്ധപ്പെടുന്നതെന്ന് അവർ വ്യക്തമാക്കി. നിരവധി വിമത ടി.എം.സി എം.പിമാരായ സായോണി ഘോഷ്, മാല റോയ്, ശതാബ്ദി റോയ്, അരൂപ് ചക്രവർത്തി, കകോലി ഘോഷ് ദസ്തിദാർ എന്നിവർ മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവുമായി ചർച്ച നടത്തി. ഇത് ബി.ജെ.പിയുമായുള്ള സഹകരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിത സംവരണ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിമത എം.പിമാർ എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് . ഇവർ ഔദ്യോഗികമായി എൻ.ഡി.എയുടെ ഭാഗമാകുമോ അതോ പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. അതിനിടെ തൃണമൂൽ കോൺഗ്രസ് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പാർലമെന്ററി പ്രതിസന്ധി നേരിടുന്നതിനിടെ മുതിർന്ന നേതാക്കളായ ഗൗതം ദേബും ചന്ദ്രിമ ഭട്ടാചാര്യയും മമത ബാനർജിയുടെ വസതിയിലെത്തി സാഹചര്യങ്ങൾ ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |