
ന്യൂഡൽഹി: ലോക്‌സഭയിൽ കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തമിഴ്നാടിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരുസഭകളിലും ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധം. രാജ്യസഭയിൽ ഏകാധിപത്യമാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ പരാമർശത്തെ എതിർത്ത് ഭരണപക്ഷത്തിന്റെ ബഹളം. മണിപ്പൂർ ബഡ്‌ജറ്റിന്റെ ചർച്ചയ്ക്കിടെ ലോക്‌സഭയിലും ശബ്‌ദായമാനമായ രംഗങ്ങളുണ്ടായി. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 ലോക്‌സഭയിൽ അവതരിപ്പിച്ചു.
മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തിങ്കളാഴ്ച നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഡി.എം.കെ അംഗങ്ങൾ ഇന്നലെ കറുത്ത വസ്‌ത്രമണിഞ്ഞാണ് എത്തിയത്. രാവിലെ പാർലമെന്റിന് മുന്നിൽ ധർണ നടത്തി. രാജ്യസഭയിൽ ഉച്ചയ്‌ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെയാണ് ഉപാദ്ധ്യക്ഷൻ ഹരിവംശ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ഖാർഗെ പറഞ്ഞത്.
ചെയറിനെതിരായി ഖാർഗെ ഉപയോഗിച്ച വാക്കുകളും ഭാഷയും മാപ്പർഹിക്കാത്തതാണെന്നും ക്ഷമാപണം നടത്തണമെന്നും സഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ ആവശ്യപ്പെട്ടു. ഖാർഗെയുടെ പരാമർശത്തെ അപലപിച്ച ഉപാദ്ധ്യക്ഷൻ മുതിർന്ന അംഗങ്ങൾ ഉചിതമായ ഭാഷാ പ്രയോഗം നടത്തണമെന്ന് റൂളിംഗ് നടത്തി. തുടർന്ന് ഖാർഗെ ക്ഷമാപണം നടത്തി. ചെയറിനെതിരെ സംസാരിച്ചിട്ടില്ലെന്നും സർക്കാരിന്റെ നയത്തെയാണ് വിമർശിച്ചതെന്നും ഖാർഗെ വിശദീകരിച്ചു. വാക്കുകൾ പരുഷമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും ഖാർഗെ പറഞ്ഞു.
മണിപ്പൂരിനെ ചൊല്ലി
ലോക്‌സഭയിൽ ബഹളം
മണിപ്പൂരിന്റെ ബഡ്‌ജറ്റ് ചർച്ച തുടങ്ങിവച്ച കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് സംസ്ഥാനത്ത് തോക്കിൻ മുനയിൽ സമാധാനം നടപ്പാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തണമെന്നും പറഞ്ഞത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. സുപ്രധാന ചർച്ച നടക്കുമ്പോൾ പ്രധാനമന്ത്രി സഭയിൽ വരാത്തതിനെയും ചോദ്യം ചെയ്‌ത ഗൊഗോയി സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സാഹചര്യം സഭയിൽ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. .
പ്രധാനമന്ത്രി വിദേശ സന്ദർശനാർത്ഥം സഭയിലുണ്ടാകില്ലെന്ന് അറിയിച്ചെന്ന് സ്‌പീക്കർ മറുപടി നൽകി.
രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിച്ചതിലെ അപാകത എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടികാട്ടി. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ പ്രഖ്യാപനത്തിന് രണ്ടു മാസം നിയമസാധുതയുള്ളതിനാൽ അപാകതയില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി.
തമിഴ് ജനതയെ കബളിപ്പിക്കാൻ
ശ്രമം: ധർമ്മേന്ദ്ര പ്രധാൻ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്ന ഡി.എം.കെ സർക്കാർ തമിഴ്നാട്ടിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യസഭയിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിൽ തിങ്കളാഴ്ച മന്ത്രി നടത്തിയ പ്രസ്താവനയെ ചൊല്ലി ഡി.എം.കെ അംഗങ്ങൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. ദേശീയ വിദ്യാഭ്യാസ നയം ഗൂഢലക്ഷ്യത്തോടെയാണെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവന ധർമ്മേന്ദ്ര പ്രധാൻ തള്ളി. വിദ്യാഭ്യാസ നയത്തിന്റെ പേരിൽ തന്നെ വിമർശിക്കുകയോ കളിയാക്കുകയോ ചെയ്യാം. എന്നാൽ തമിഴ് ജനതയെ കബളിപ്പിക്കാൻ ശ്രമിക്കരുത്. തമിഴ്നാട്ടിലൂടെ ഇന്ത്യയുടെ വികസനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ ഡി.എം.കെ അംഗങ്ങൾ ക്രമപ്രശ്നം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ഉപാദ്ധ്യക്ഷൻ അനുവദിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |