
ബംഗളൂരു: നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ രന്യയുടെ രണ്ടാനച്ഛനും ഡി.ജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ കെ.രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണം. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം അന്വേഷിക്കും. കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ കർണാടക സംസ്ഥാന പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് രാമചന്ദ്ര റാവു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് രന്യ. വിമാനത്താവളത്തിൽ പൊലീസിന്റെ സുരക്ഷയിൽ ദേഹ പരിശോധന ഒഴിവാക്കി രന്യ പുറത്തുവരുന്ന സി.സി ടിവി ദൃശ്യങ്ങൾ ഡി.ആർ.ഐക്ക് കിട്ടിയിരുന്നു. രന്യ നടത്തിയ നിയമ വിരുദ്ധ ഇടപാടുകളിൽ തനിക്ക് ഒരു ബന്ധവുമില്ലെന്ന് രാമചന്ദ്ര റാവു നേരത്തെ പറഞ്ഞിരുന്നു. എങ്കിലും പ്രോട്ടോക്കോൾ ലംഘനമുണ്ടായോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുക.
കഴിഞ്ഞ രണ്ട് മാസത്തിൽ ദുബായ്, മലേഷ്യ എന്നിവിടങ്ങളിലായി 27 തവണ രന്യ പോയി. പലപ്പോഴായി സ്വർണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഓരോ തവണയും കിലോയ്ക്ക് നാല് ലക്ഷം രൂപ വരെ കമ്മിഷൻ കിട്ടി. എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇടപെട്ട് രന്യയെ വലിയ ദേഹപരിശോധനയില്ലാതെ വി.ഐ.പി ചാനലിലൂടെ പുറത്ത് കടക്കാൻ സഹായിച്ചത് രാമചന്ദ്ര റാവുവിന്റെ നിർദ്ദേശപ്രകാരമാണോ എന്ന് ഡി.ആഎർ.ഐ അന്വേഷിക്കുന്നു. വിദേശ രാജ്യങ്ങളിലും നാട്ടിലെത്തിയ ശേഷവും രന്യയെ സ്വർണം കടത്താനും കൈമാറാനും സഹായിച്ച പ്രാദേശിക ഇടനിലക്കാർക്ക് വേണ്ടിയും പരിശോധന തുടരുന്നുണ്ട്.
കഴിഞ്ഞ മൂന്നിനാണ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് രന്യ പിടിയിലാകുന്നത്. ജാക്കറ്റിനുള്ളിലും ബെൽറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ കണ്ടെത്തി.
ഒരാൾ കൂടി അറസ്റ്റിൽ
കേസിൽ ബംഗളൂരുവിൽ ബിസിനസുകാരനായ തരുൺ രാജു എന്നയാളും അറസ്റ്റിലായി. അത്രിയ ഹോട്ടൽ ഉടമയുടെ കൊച്ചുമകനാണ്. ഇയാൾ രന്യക്കൊപ്പം ദുബായിലേക്ക് പോയെന്നാണ് റിപ്പോർട്ട്. തരുൺ രാജു രന്യക്കൊപ്പം ദുബായിൽ ഉണ്ടായിരുന്നതായും സ്വർണം രന്യക്ക് കൈമാറുന്നതിന് ഇയാൾ സഹായിച്ചതായും ഡി.ആർ.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഡി.ആർ.ഐ കോടതിയിൽ ഹാജരാക്കി നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. രന്യ തരുണിനെ കാൾ ചെയ്ത വിവരങ്ങൾ ലഭിച്ചിരുന്നു. സ്വർണക്കടത്തിൽ ഹവാല, ബിറ്റ്‌കോയിൻ ഇടപാടും ഉണ്ടെന്നുള്ള വിവരവും കിട്ടിയിട്ടുണ്ട്.
നാല് മാസം മുൻപ് ബെംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അത്യാഡംബരത്തോടെയാണ് രന്യ റാവുവും പ്രമുഖ ആർക്കിടെക്ടായ ജതിൻ ഹുക്കേരിയും വിവാഹിതരായത്. ഇതോടെ രന്യയും തരുണും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നു. ബംഗളുരുവിലെ പല ആഡംബര റസ്റ്റോറന്റുകളുടെയും ശിൽപ്പിയെന്ന നിലയിൽ പേര് കേട്ട ജതിൻ, രന്യയുടെ പല യാത്രകളിലും കൂടെയുണ്ടായിരുന്നു. എന്നാൽ സ്വർണക്കടത്തിനായി ഇരുവരും ബന്ധം തുടർന്നെന്നാണ് റിപ്പോർട്ട്.
രന്യ പിടിയിലാവുമ്പോൾ ഭർത്താവ് ജതിൻ കൂടെയുണ്ടായിരുന്നു. തനിക്കൊന്നുമറിയില്ല എന്നാണ് ജതിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |