
ചെന്നൈ: തന്നെയും കുടുംബത്തെയും സംബന്ധിച്ച് വന്ന വ്യാജ വാർത്തകൾ വേദനിപ്പിക്കുന്നെന്ന് ഗായിക കൽപന രാഘവേന്ദർ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം ചെന്നൈയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അവർ. ജീവനോടെ ഇരിക്കാൻ കാരണം ഭർത്താവാണ്. ഭർത്താവിനെയും മകളെയും കുറിച്ച് വന്ന വാർത്തകൾ തന്നെ വല്ലാതെ വേദനിപ്പിച്ചു. അവർ തന്റെ ഭാഗ്യമാണ്. ദൈവത്തിന് നന്ദിയുണ്ടെന്നു പറഞ്ഞ കൽപന
മാനസികവും ശാരീരികവുമായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഭർത്താവുമായി വീഡിയോ കാളിൽ സംസാരിക്കുമ്പോഴാണ് പെട്ടന്ന് ഉറങ്ങിപ്പോയത്. മരുന്നിന്റെ ഡോസ് കൂടിപ്പോയതിനാൽ ബോധം കെട്ടുപോയി. പിന്നീട് ഫോൺ എടുക്കാതെ വന്നപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് ഭർത്താവിന് തോന്നി. അദ്ദേഹം കൃത്യസമയത്ത് ഇടപെട്ടത് കൊണ്ട് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാലാണ് രക്ഷപ്പെട്ടത്. ഇന്ന് തിരിച്ചുവന്ന് എല്ലാവരോടും സംസാരിക്കുന്നു എങ്കിൽ അതിന് കാരണം എന്റെ ഭർത്താവാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക.
ഈ പ്രായത്തിൽ ഞാൻ പി.എച്ച്.ഡി, എൽ.എൽ.ബി തുടങ്ങി വിവിധ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സംഗീതത്തിലും ശ്രദ്ധാലുവാണ്. സമ്മർദ്ദം കൂടുതലായതിനാൽ കുറേ വർഷമായി ശരിയായി ഉറക്കം ലഭിക്കാറില്ല. ചികിത്സ തേടിയപ്പോൾ ഡോക്ടറാണ് മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടത്. എട്ട് ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനായില്ല. ഉറക്കം വരാതായപ്പോൾ പിന്നെയും കഴിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എണ്ണം പോലും ഓർമ്മയില്ലാതായി. അതോടെ ബോധരഹിതയായി. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല-കൽപന പറഞ്ഞു.
അമിതമായി ഉറക്കഗുളികകൾ കഴിച്ചതിനെത്തുടർന്നാണ് കൽപന ആശുപത്രിയിലായത്. പിന്നാലെ ആത്മഹത്യാ ശ്രമമാണെന്നും കുടുംബത്തിൽ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |