SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ഇൻഷ്വറൻസ്   തട്ടിപ്പുകൾ തടയണം:  സുപ്രീംകോടതി, തീപിടിത്ത ക്ളെയിം തള്ളി, അന്വേഷണത്തിന്  ഉത്തരവ് 

s

ന്യൂഡൽഹി: വ്യാജ ക്ളെയിമുകളിലൂടെ ഇൻഷ്വറൻസ് തുക തട്ടുന്നത് പതിവായെന്നും അത് ഇൻഷ്വറൻസ് സംവിധാനത്തിന്റെ സമഗ്രതയെയും പൊതുജന വിശ്വാസത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്നും സുപ്രീംകോടതി. ഗുജറാത്തിലെ സയോണ കളേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തീപിടിത്തത്തിന്റെ പേരിൽ ഇൻഷ്വറൻസ് തുക തട്ടിയെടുത്തത് കണ്ടെത്തിയ കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.

തട്ടിപ്പ് നടത്തുന്ന കേസുകളിൽ ക്ളെയിം ലഭിക്കാൻ അർഹതയില്ലെന്ന് ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

2011 മാർച്ച് 25 ന് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തമാണ് കേസിന് ആധാരം. ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് അവകാശപ്പെട്ട് സയോണ കളേഴ്‌സ് 28.20 കോടി രൂപ ഇൻഷ്വറൻസ് ക്ളെയിം ആവശ്യപ്പെട്ടു. ക്ളെയിം തള്ളിയ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി തീപിടിത്തം ഷോർട്ട് സർക്യൂട്ട് അല്ലെന്നും അട്ടിമറിയാണെന്നും വാദിച്ചു. സ്ഥാപനം നൽകിയ കേസിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ആറ് ശതമാനം പലിശ സഹിതം 3.33 കോടി രൂപയും 50,000 രൂപ വ്യവഹാര ചെലവും നൽകാൻ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്‌ത് ഇൻഷ്വറൻസ് കമ്പനി നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.

തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനത്തിൽ കണ്ടെത്തിയിരുന്നു.

തീപിടിത്തം നിയമവിരുദ്ധമായ നേട്ടത്തിനായി മനഃപൂർവം ഉണ്ടാക്കിയതാണെന്ന് കോടതി വിലയിരുത്തി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിന് മുൻപ് മാർച്ച് ഏഴിന് കമ്പനി 15 കോടി രൂപയുടെ പോളിസി 19 കോടിയായി ഉയർത്തിയതും 19 കോടിയുടെ മറ്റൊരു പോളിസി എടുത്തതും സംശയത്തിനിടയാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360