SignIn
Kerala Kaumudi Online
Monday, 17 August 2026 12.46 PM IST

മരം മുറിച്ചതോടെ ആത്മാക്കൾ കോപിച്ചു; സ്‌കൂൾ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടതിന്റെ യഥാർത്ഥ കാരണം ഇതാണോ?

students
പ്രതീകാത്മക ചിത്രം

അമരാവതി: ഭയത്തിൽ 600 സ്‌കൂൾ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ ഗോത്രവർഗ സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഭയം ഉണ്ടാകാൻ കാരണമായ കഥകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുംബയിൽ നിന്ന് 700 കിലോമീറ്റർ അകലെ ചിക്കൽദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള ഈ റെസിഡൻഷ്യൽ സ്‌കൂളിൽ ആകെ 810 വിദ്യാർത്ഥികളാണ് താമസിച്ച് പഠിക്കുന്നത്.

ജൂലായ് 22ന് നാല് പെൺകുട്ടികൾ അസ്വാഭാവികമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടികൾ വെറുതേ ചിരിക്കുകയും കരയുകയും ചെയ്‌തത് ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന പ്രചാരണം ശക്തമാകാൻ കാരണമായി. പാദസരത്തിന്റെ കിലുക്കം കേട്ടതായി മറ്റുചില വിദ്യാർത്ഥികളും അവകാശപ്പെട്ടു. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ ഭൂരിഭാഗം കുട്ടികളും ഹോസ്റ്റൽ ഉപേക്ഷിച്ചു.

പെൺകുട്ടികളിലെ ഈ പ്രശ്‌നത്തിന് കാരണം മാനസിക സമ്മർദമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. നാട്ടുകാർക്കും വിദ്യാർത്ഥികൾക്കുമിടയിൽ പടരുന്ന പലതരം കഥകളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും അവർ പറഞ്ഞു. സ്‌കൂൾ കെട്ടിടമുള്ള സ്ഥലത്ത് പണ്ടൊരു 'മഹുവ' മരം ഉണ്ടായിരുന്നുവെന്നും അത് മുറിച്ചുമാറ്റിയതോടെ അവിടെ വസിച്ചിരുന്ന ആത്മാക്കൾ കോപിച്ചുവെന്നാണ് പ്രചാരണം. കൂടാതെ, സ്‌കൂളിലെ ഡ്രെയിനേജ് പൈപ്പുകൾ ക്ഷേത്രത്തിന്റെ സമീപത്തുകൂടി കടന്നുപോകുന്നത് ദൈവത്തെ പ്രകോപിപ്പിച്ചെന്നും ചിലർ വിശ്വസിക്കുന്നു. സ്‌കൂളിന് സമീപത്തെ പാടത്ത് മരിച്ച യുവാവിന്റെ ആത്മാവ് പ്രേതമായി വന്ന് ഉപദ്രവിക്കുന്നുവെന്ന മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്.

അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന 'മഹാരാഷ്‌ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി'യിലെ അംഗങ്ങൾ സ്ഥലത്തെത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകി വരുന്നുണ്ട്. കാര്യങ്ങളെ ശാസ്‌ത്രീയമായ കാഴ്‌ചപ്പാടോടെ കാണണമെന്നും അന്ധവിശ്വാസങ്ങളിൽ വീഴരുതെന്നും അധികൃതർ കുട്ടികളോട് പറഞ്ഞു.

English Summary

Around 600 students reportedly left a residential tribal school in Maharashtra’s Amravati district after fears of a ghost haunting the hostel spread. The incident began when four girls displayed unusual behavior. Health experts attributed it to psychological stress, while rumors and superstitions fueled panic. Counselors are now helping students and parents understand the situation scientifically.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSTEL GHOST SCARE, 600 STUDENTS FLEE, SCHOOL HOSTEL INCIDENT, PARANORMAL ACTIVITY HOSTEL, KERALA SCHOOL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360