SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

അഞ്ചാം വട്ടവും മുഖ്യമന്ത്രിപദം മോഹിച്ച് 'വാഴും കാമരാജർ'

rr

പുതുച്ചേരി: പുതുച്ചേരി ഫലം വരുമ്പോൾ അടുത്ത മുഖ്യമന്ത്രി ആരാകും? 'ഇന്ത്യ' മുന്നണിയിൽ ഒരു നേതാവിനേയും ഉയർത്തികാട്ടി പ്രചാരണം നടക്കുന്നില്ല. എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം ഭരണ തുടർച്ച കിട്ടിയാൽ എൻ.രംഗസ്വാമി തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. അങ്ങനെയാണെങ്കിൽ അഞ്ചു തവണ പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകുന്ന അപൂർവ ബഹുമതി ഈ 75കാരന് കൈവരും.

കുറച്ചുകാലം മുമ്പു വരെ സൈക്കിൾ ചവിട്ടി ജനങ്ങൾക്കിടയിൽ കറങ്ങി നടന്ന രംഗസ്വാമിക്ക് 'മക്കൾ മുതൽവൻ' (ജനങ്ങളുടെ മുഖ്യമന്ത്രി) എന്നും തമിഴ്നാട്ടിലെ ജനകീയ മുഖ്യമന്ത്രിയായിരുന്നു കെ.കാമരാജനെ പോലെ ഭരിക്കുന്നതിനാൽ 'വാഴും കാമരാജർ' എന്നും പേരുണ്ട്.

വെളുത്ത മുണ്ടും കുർത്ത പോലുള്ള നീളൻ ഷർട്ടുമാണ് പുറത്തിറങ്ങുമ്പോൾ രംഗസ്വമിയുടെ വേഷം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോൾ പോലും

നാട്ടുകാർ പരാതികളുമായി അദ്ദേഹത്തെ സമീപിക്കുന്നു.

എല്ലാ അഭ്യർത്ഥനകൾക്കും, മുഖ്യമന്ത്രി തന്റെ പ്രചാരണ വാഹനത്തിൽ നിന്ന് ഉത്തരം നൽകും 'അടുത്ത സർക്കാർ രൂപീകരിക്കാൻ പോകുന്നത് ഞങ്ങൾ മാത്രമാണ്. വിഷമിക്കേണ്ട. നിങ്ങളുടെ പരാതികൾ പരിഹരിക്കപ്പെടും.'

നാല് തവണ മുഖ്യമന്ത്രിയായ രംഗസ്വാമി അവിവാഹിതനും നിയമ ബിരുദധാരിയുമാണ്. തട്ടഞ്ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. സന്യസി അപ്പ പൈത്തിയം സ്വാമികളുടെ കടുത്ത ഭക്തനായ രംഗസ്വാമി എപ്പോഴും നെറ്റിയിൽ പുണ്യഭസ്മം ധരിക്കുന്നു. ആത്മീയ ഗുരുവിന്റെ ഫോട്ടോ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിലും ഉണ്ടാകും.

വണ്ണിയർ സമുദായ അംഗമായ രംഗസ്വാമി കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

1990ൽ തിരഞ്ഞെടുപ്പ് അരങ്ങേറ്റം. തട്ടഞ്ചാവടി മണ്ഡലത്തിൽ നിന്നും. ജനതാദൾ സ്ഥാനാർത്ഥി വി. പെതപ്പെരുമാളിനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. അതിനു ശേഷം അതേ സീറ്റിൽ നിന്ന് തുടർച്ചയായി വിജയങ്ങൾ.1991, 1996, 2001, 2006 എന്നീ വർഷങ്ങളിലായിരുന്നു വിജയങ്ങൾ.

1991ൽ വി.വൈത്തിലിംഗത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ കൃഷി മന്ത്രിയായി. 2000ൽ പി. ഷൺമുഖം സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി.

2001ൽ ആദ്യമായി മുഖ്യമന്ത്രിയായി. 2006ലും 2008ലും 2011ലും 2021ലും മുഖ്യമന്ത്രിയായി. 2016ൽ പ്രതിപക്ഷ നേതാവായിരുന്നു.

കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് 2011ലെ തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണ് അദ്ദേഹം ആൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് രൂപീകരിച്ചത്. മത്സരിച്ച 17 സീറ്റുകളിൽ 15 എണ്ണവും പാർട്ടി നേടി. അണ്ണാ ഡി.എം.കെയിലെ ഒരു അംഗത്തിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. ആകെ 30 സീറ്റുള്ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകൾ മതി.

കഴിഞ്ഞ തവണ എൻ.ആർ കോൺഗ്രസ് എൻ.‌ഡി.എയുടെ ഭാഗമായി. ബി.ജെ.പി ലഭിച്ച 6 സീറ്രുകളുടെ ബലത്തിലാണ് 16 സീറ്റുകളോടെ രംഗസ്വാമി ഭരിച്ചത്.

ഇത്തവണ ഈസിയല്ല

സഖ്യ കക്ഷിയായ ബി.ജെ.പിയുമായി അവസാന നിമിഷം വരെ നടന്ന തർക്കത്തിനൊടുവിലാണ് സഖ്യം തുടരാൻ രംഗസ്വാമി തയ്യാറായത്. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് ഗുണം ചെയ്യും. പക്ഷെ, എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ടി.വി.കെ വെല്ലുവിളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360