SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.08 PM IST

ഭവാനിപ്പൂരിന്റെ വീട്ടുകാരിയായി മമത

road-to-mamata

ദക്ഷിണ കൊൽക്കത്തയിൽ ബംഗാളികളുടെ വിശ്വാസ കേന്ദ്രമായ കാളിഘട്ട് ക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഡോ. രാധാകൃഷ്‌ണ റോഡിൽ നിന്ന് ഹരീഷ് ചാറ്റർജി തെരുവിലേക്ക് കടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളുമായി പൊലീസുകാരുടെ സാന്നിദ്ധ്യം. ബാരിക്കേഡ് കടന്ന് മുന്നോട്ട് നടക്കവെ മഫ്‌ടിയിലുള്ള പൊലീസുകാരൻ തടഞ്ഞു. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നു വന്ന മാദ്ധ്യമ പ്രവർത്തകനാണെന്നും മുഖ്യമന്ത്രിയുടെ വസതി കാണാനാണെന്നും പറഞ്ഞിട്ട് ബോധ്യമായില്ല. വെറുതെ കാണ്ടാൽ മാത്രമെന്ന് ബോദ്ധ്യപ്പെടുത്തിയപ്പോൾ ഫോൺ ബാഗിനുള്ളിൽ വയ്‌ക്കണമെന്നും ഫോട്ടോ എടുക്കരുതെന്നും നിർദ്ദേശിച്ച് കടത്തിവിട്ടു. ഒരാൾ വരുന്നുണ്ടെന്ന് പൊലീസുകാരൻ വയർലെസിൽ സന്ദേശം നൽകി.

ബംഗ്ളാവോ ആഡംബരമോ ഇല്ലാതെ ഇന്ത്യയിലെ ലളിത ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയുടെ വീടുകാണാൻ ഹരീഷ് ചാറ്റർജി തെരുവിലെ ഇടുങ്ങിയ റോഡിലൂടെ നടന്നു. ഇരുവശത്തും പലവ്യഞ്ജനങ്ങളടക്കം വിൽക്കുന്ന കടകകളും സാധാരണ വീടുകളുമുണ്ട്. പുറത്തുനിന്നു വരുന്നവരെ നിരീക്ഷിക്കാൻ മഫ്‌ടിയിൽ കാവൽ. അതൊന്നും മൈൻഡ് ചെയ്യാതെ മമതയുടെ അയൽക്കാർ ജീവിക്കുന്നു. റോഡിന് ഇരുവശത്തും മമതയുടെ ചിത്രം പതിച്ച തൃണമൂൽ കൊടികൾ.

പ്രധാന റോഡിൽ നിന്ന് ഏതാണ്ട് 50 വാര അകലെയാണ് മമതയുടെ 30-ബി നമ്പർ വസതി. അതിന് മുന്നിൽ മഫ്ടിയിൽ പൊലീസുകാരൻ കാത്തുനിന്നിരുന്നു. മറ്റേയാൾ വിളിച്ചുപറഞ്ഞിരിക്കാം. റോഡിനോട് ചേർന്ന് ഷീറ്റിട്ട മേൽക്കൂരയുള്ള ഒറ്റമുറി വീട്. ചുറ്റും കൂറ്റൻ മതിലുകളില്ല. പൊലീസ് കാവൽ മാത്രം. പിന്നിൽ കോൺക്രീറ്റ് കെട്ടിടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്. പത്രസമ്മേളനങ്ങളും മറ്റും നടക്കുന്ന ചെറിയ ഹാളും ക്ഷേത്രവുമുണ്ട്.

മുന്നിലുള്ള റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നു പോകാം. മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ നിറുത്താൻ അനുവാദമില്ല. തിരഞ്ഞെടുപ്പായതിനാൽ മുഖ്യമന്ത്രി രാവിലെ പുറപ്പെടും. മമതയുടെ മണ്ഡലമായ ഭവാനിപ്പൂർ മണ്ഡലത്തിലാണ് വസതിയും. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കാൽനടയായി പ്രവർത്തകർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്. മമതയുടെ മരുമകൻ അഭിഷേക് ബാനർജിയുടെ ഫ്ളാറ്റ് തൊട്ടടുത്ത തെരുവിൽ.

മണ്ഡലത്തിലെങ്ങും മമതയുടെ ഫ്ളക്‌സ് ബോർഡുകൾ. എതിരാളികളുടെ കൊടിയും ബോർഡുകളും പേരിനു മാത്രം. 2021ൽ നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയാണ് എതിരാളി. മമതയ്‌ക്ക് അത് ഭീഷണിയല്ലെന്ന് തൃണമൂൽ പ്രചാരണ ചുമതല വഹിക്കുന്ന അസീം ബോസ് പറഞ്ഞു. 2011ൽ തൃണമൂൽ അധികാരത്തിലെത്തിയപ്പോൾ മുതൽ മമതയുടെ ശക്തികേന്ദ്രമാണ് ഭവാനിപ്പൂർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360