
ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ തൃണമൂൽ വിമത എം.പിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ലയിക്കും. സഭയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്ക് പിന്തുണ നൽകുമെന്നും വിമത വിഭാഗത്തിന് നേതൃത്വം നൽകുന്ന കകോളി ഘോഷ് ദസ്‌തിദാർ പറഞ്ഞു.
ലോക്‌സഭയിൽ തൃണമൂലിന്റെ പ്രത്യേക ബ്ളോക്കായി ഇരിക്കാനാണ് വിമതർ ആദ്യം ആലോചിച്ചതെങ്കിലും നിയമപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നീക്കം.
അസാം, ത്രിപുര, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുള്ള പാർട്ടിയാണ് എൻ.സി.പി.ഐ. 2023 ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ഇന്നലെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ ഔദ്യോഗിക വസതിയിൽ കണ്ട വിമതർ പ്രത്യേക ബ്ളോക്കായി പരിഗണിക്കണമെന്നും എൻ.സി.പി.ഐയിൽ ലയിക്കുമെന്നും ആവശ്യപ്പെട്ട് കത്ത് നൽകി.
സുദീപ് ബന്ദോപാദ്ധ്യായയും വിട്ടു
മമതയുടെ വിശ്വസ്‌തനും മുതിർന്ന എം.പിയുമായ സുദീപ് ബന്ദോപാദ്ധ്യായയും വിമതർക്കൊപ്പം. സ്‌പീക്കറെ കണ്ട സംഘത്തിൽ സുദീപുമുണ്ടായിരുന്നു. ആറ് തവണ എം.പിയും പരിചയസമ്പന്നനുമായ സുദീപ് കകോളിക്ക് പകരം വിമതപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്തേക്കും. സുദീപ് ചേർന്നതോടെ വിമത പക്ഷത്തെ എം.പിമാരുടെ എണ്ണം 20 ആയി. എന്നാൽ രണ്ട് എംപിമാർ കൂടിയെത്തുമെന്ന് ദസ്‌തിദാർ അവകാശപ്പെട്ടു.വിമത പക്ഷത്ത് ചേർന്ന സയോണി ഘോഷിനെ യുവജന വിഭാഗം അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി യുവ നേതാവായ അർണാബ് ബാനർജിയെ മമത നിയമിച്ചു. മറ്റൊരു വിമത എം.പി മാല റോയിക്ക് പകരം നാദിയ ജില്ലയിലെ കാളിഗഞ്ച് എം.എൽ.എ അലിഫ അഹമ്മദിനെ തൃണമൂൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയാക്കി.
കത്തു നൽകി അഭിഷേക്
തൃണമൂലിലെ പിളർപ്പ് തള്ളി അഭിഷേക് ബാനർജി സ്‌പീക്കർക്ക് കത്തുനൽകി. നിലവിലുള്ളതുപോലെ ഒരു പാർട്ടിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗിക വിഭാഗത്തെ എം.പിമാരായ കീർത്തി ആസാദും സാഗരിക ഘോഷുമാണ് സ്‌പീക്കറുടെ ഓഫീസിൽ കത്ത് കൈമാറിയത്. അഭിഷേകിന്റെ വാദം തള്ളിയാണ് വിമതർ ഇന്നലെ വൈകിട്ട് സ്‌പീക്കറെ ഔദ്യോഗിക വസതിയിൽ കണ്ടത്.
സുദീപ് വോട്ടർമാരെ ചതിച്ചു. മമതയെ പിന്നിൽ നിന്ന് കുത്തി.
കുനാൽ ഘോഷ്
തൃണമൂൽ എം.എൽ.എ
സുദീപ് വിമത പക്ഷത്ത് ചേരില്ലെന്ന് വാക്കുതന്നിരുന്നു
സൗഗത റോയ് എം.പി
ഔദ്യോഗിക വിഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |