
ന്യൂഡൽഹി: പ്രതിരോധ സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ഒരു ഉന്നതതല സംവിധാനം രൂപീകരിക്കും.
ഇന്ത്യ-ഫ്രാൻസ് ബന്ധം 'പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം' എന്ന തലത്തിലേക്ക് ഉയർത്തിയ ശേഷമുള്ള നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഫ്രാൻസിലെ നൈസിലുള്ള വില്ല കെറിലോസിൽ നടന്നത്.
പ്രധാനമന്ത്രി മോദിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് മാക്രോൺ ഉച്ചഭക്ഷണ വിരുന്ന് നൽകി.
പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സഹ-രൂപകൽപ്പന, സഹ-വികസനം, സഹ-ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധാരണ. ഈ മേഖലകളിലെ നിലവിലുള്ള സഹകരണം വൈവിധ്യവത്‌ക്കരിക്കും. പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുന്നതിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു.
ബഹിരാകാശ പര്യവേഷണങ്ങളിലും സഹകരണം മെച്ചപ്പെടുത്തും. ഈ രംഗത്ത് സ്വകാര്യ സഹകരണം വികസിപ്പിക്കാനുള്ള വഴികളും തേടും. സിവിൽ ആണവോർജ്ജവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ ആനുകൂല്യത്തിൽ മോഡുലാർ റിയാക്ടറുകളിലെ സഹകരണവും ശക്തിപ്പെടുത്തും.
നേരത്തെ ഒപ്പിട്ട 'ഹൊറൈസൺ 2047 റോഡ് മാപ്പിന്റെ ' പുരോഗതി നേതാക്കൾ അവലോകനം ചെയ്‌തു. സാമ്പത്തിക വളർച്ച, സാങ്കേതികവിദ്യ, നവീകരണം, പ്രതിഭകളുടെ കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും.
എയറോനോട്ടിക്‌സ്
കേന്ദ്രം സ്ഥാപിക്കും
ഫ്രാൻസ് കാൺപൂരിൽ എയറോനോട്ടിക്‌സ് മേഖലയുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം സ്ഥാപിക്കും
എ.ഐ സഹകരണം വിപുലീകരിക്കാൻ ഇന്ത്യ-ഫ്രാൻസ് സംയുക്ത എ.ഐ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.
ലോകത്തിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് ഉൾപ്പെടെ മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |