
ന്യൂഡൽഹി: അഞ്ചു വർഷമായി തുടരുന്ന കേസിന്റെ ഫയയിലേക്ക് നോക്കി ജഡ്‌ജ് ചോദിച്ചു, നിങ്ങൾ ഇപ്പോഴും വിവാഹ മോചനം ആഗ്രഹിക്കുന്നുണ്ടോ. ആ ചോദ്യം കേൾക്കാൻ ആഗ്രഹിച്ചപോലെ ഭർത്താവ് ഭാര്യയെ നോക്കി ചിരിച്ചു. അതുകാണേണ്ട താമസം അവർ കൈയിലിരുന്ന വിവാഹമോചന രേഖകൾ വലിച്ചുകീറി ഭർത്താവിനടുത്തേക്ക് പാഞ്ഞ് കെട്ടിപ്പിടിച്ച് കരഞ്ഞു.
സിനിമയിലെ ക്ളൈമാസ്‌ക് ആണെന്ന് കരുതേണ്ട. ഡൽഹിയിലെ ഒരു കോടതി മുറിയിൽ ശരിക്കും സംഭവിച്ചതാണിത്. അഞ്ച് വർഷമായി, വിവാഹമോചനത്തിനുള്ള നിയമപോരാട്ടത്തിലായിരുന്ന സൗരഭവും ശിഖയുമാണ് സിനിമാ സ്റ്റൈലിൽ ഒന്നിച്ചത്. ഫ്ളാഷ് ബാക്ക്: 2020ൽ വിവാഹിതരായ ഇരുവർക്കുമിടയിൽ തർക്കങ്ങൾ പതിവായതോടെയാണ് വിവാഹമോചനത്തിനായി കോടതിയിലെത്തിയത്. കോടതി മുറിയിൽ വിട്ടുവീഴ്‌ചയില്ലാതെ തർക്കവും ആരോപണങ്ങളുമായി കേസ് അഞ്ചുവർഷം നീണ്ടു.
നിയമ നടപടി നീണ്ടത് ശിഖയുടെ കുടുംബത്തെ സാമ്പത്തികമായി തളർത്തി. മകൾക്ക് പിന്തുണ നൽകിയ പിതാവിന്റെ സമ്പാദ്യമെല്ലാം കേസിനായി ചെലവഴിച്ചു. ഹൃദയാഘാതം വന്ന് കിടപ്പിലുമായതോടെ സ്ഥിതി കൂടുതൽ വഷളായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വകാര്യ ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയിൽ കഥയിലെ ട്വിസ്റ്റ്. അസുഖ വാർത്ത അറിഞ്ഞ സൗരഭ് മുൻകൈയെടുത്ത് ഗുരുഗ്രാമിലെ കൂടുതൽ സൗകര്യങ്ങളുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഭാര്യാ പിതാവിന്റെ മാറ്റുന്നു. അവിടുത്തെ വിദഗ്‌ദ്ധ ചികിത്‌സയാൽ പിതാവ് സുഖം പ്രാപിച്ചു. ഇതിനുശേഷമാണ് കോടതി മുറിയിലെ ക്ളൈമാക്‌സ് സീൻ. വാദം കേൾക്കലിനായി ദമ്പതികൾ കോടതിയിൽ ഹാജരായി ഇരുപക്ഷത്തായി നിന്നു. അഭിഭാഷകർ പതിവുവാദങ്ങൾ അവതരിപ്പിച്ചു. ശേഷം ജഡ്‌ജിന്റെ ചോദ്യം. അങ്ങനെ വേർപിരിയാനിരുന്നവരുടെ പുനഃസമാഗമ വേദിയായി കോടതി മുറി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |