
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നുപേർ മരിക്കാനിടയായ തീപിടിത്തം ആസൂത്രിതമെന്ന് തെളിഞ്ഞു.
സംഭവത്തിൽ 17കാരിയുൾപ്പെടെ നാല് പേർ അറസ്റ്റിലായി. നിരഞ്ജൻ (33), സഹോദരൻ രാജ്കുമാർ (27), സരിത (27) എന്നിവരാണ് തീപിടിത്തം ആസൂത്രണം ചെയ്തത്. പാർപ്പിട സമുച്ചയത്തിൽ താമസിച്ച ഒരാളുമായുള്ള സാമ്പത്തിക തർക്കമാണ് കാരണം. ഇയാളുടെ ഇരുചക്രവാഹനം കത്തിക്കാനുള്ള ശ്രമത്തിനിടെ തീ ആളിപ്പടരുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്. പാർപ്പിട സമുച്ചയത്തിൽ ഇരു ചക്രവാഹനങ്ങൾ പാർക്കുചെയ്‌ത ഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നായിരുന്നു ആദ്യ നിഗമനം.
പെൺകുട്ടി
പ്രവേശിച്ചു
തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ഒരു പെൺകുട്ടി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും പിന്നാലെ തിരിച്ചിറങ്ങുന്നതിന്റെയും സി.സി ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഗോവിന്ദ്പുരി നവജീവൻ ക്യാമ്പിലുള്ള 17കാരിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ചാം നിലയിലെ താമസക്കാരനും പ്രതികളിലൊരാളുടെ ബന്ധുവുമായ ദീപക്കിന്റെ വാഹനം കത്തിക്കാനാണ് വന്നതെന്ന് അവർ സമ്മതിച്ചു. പക്ഷേ കണക്കുകൂട്ടൽ തെറ്റിച്ച് തീ പടർന്നു. മറ്റൊരു പ്രതിയായ സരിതയാണ് പെട്രോളും തീപ്പെട്ടിയും തന്ന് കൃത്യം നടത്താൻ ആവശ്യപ്പെട്ടത്. സരിതയെ പിടികൂടിയതോടെ നിരഞ്ജന്റെയും ഇളയ സഹോദരൻ രാജ്കുമാറിന്റെയും പങ്ക് വ്യക്തമായി. ദീപക്കും നിരഞ്ജനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. ക്രിമിനൽ കേസ് പ്രതിയായ നിരഞ്ജൻ അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. അപകടത്തിൽ പങ്കജ്, സുശീല ദേവി, സോണിയ കുമാരി എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിലെ രണ്ടുപേർ പൊള്ളലേറ്റ് ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |