
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഹരിത ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ ലോ കാർബൺ എമിഷൻ പദ്ധതി പ്രകാരം അനർട്ടുമായി സഹകരിച്ച് നടപ്പാക്കാനാണ് നീക്കം.
ഡൽഹിയിൽ സംസ്ഥാന ഗതാഗത മന്ത്രി സി.പി.ജോണുമായുള്ള കൂടിക്കാഴ്‌ചയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. പൈലറ്റ് പ്രോജക്‌റ്റ് കേരളത്തിലും നടപ്പാക്കാൻ നിതിൻ ഗഡ്‌കരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പുതിയ സംവിധാനങ്ങൾ ഒരുക്കാൻ സാവകാശം വേണ്ടതിനാൽ ബസ് സർവീസിന് കാത്തിരിക്കേണ്ടിവരും.
പൂനെയിലും ലഡാക്കിലും പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നുണ്ട്. ഡൽഹിയിൽ മാത്രമാണ് രണ്ടു ബസുകൾ സ്ഥിരം സർവീസ് നടത്തുന്നത്. ഡൽഹി മെട്രോ റെയിൽ കോർപറേഷനും ഇന്ത്യൻ ഓയിലും സംയുക്തമായി ഓപ്പറേറ്റ് ചെയ്യുന്ന ഹൈഡ്രജൻ ബസിൽ മന്ത്രി സി.പി.ജോൺ യാത്ര ചെയ്‌തു. കെ. എസ്. ആർ.ടി. സി എം.ഡി പ്രമോജ് ശങ്കർ, അഡിഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്ര ചെയ്‌തു.
ഗുണങ്ങൾ:
പുറത്തേക്ക് വമിക്കുന്നത് നിരാവി മാത്രം.
30 കിലോ ഇന്ധന ശേഷിയുള്ള ബസിന് 250 കിലോമീറ്റർ വരെ മൈലേജ്.
പത്തു മിനിട്ടിനുള്ളിൽ ഇന്ധനം നിറയ്‌ക്കാം. ഇലക്‌ട്രിക് വാഹനങ്ങളിലേതുപോലെ സമയനഷ്ടമില്ല.
വെല്ലുവിളി:
ഹൈഡ്രജന് വിലക്കൂടുതൽ. സി.എൻ.ജി ബസ് ഓടിക്കാൻ കിലോമീറ്ററിന് 60 രൂപ മതി. ഹൈഡ്രജൻ ബസിന് 100 രൂപ ചെലവാകും.
പെട്ടെന്ന് കത്തുന്ന ഹൈഡ്രജന്റെ സംഭരണവും കടത്തും ഏറെ സുരക്ഷയോടെ ചെയ്യണം. വാഹനങ്ങളിലെ ടാങ്കിനും അതീവ സുരക്ഷ അനിവാര്യം. ഹൈഡ്രജൻ ഇന്ധന പമ്പുകൾ സ്ഥാപിക്കണം. ഇവയും ചെലവു കൂട്ടും.
പുറംതള്ളുന്നത് നീരാവി മാത്രം
പാചക വാതകംപോലെ കംപ്രസ് ചെയ്ത ഹൈഡ്രജൻ വാതകം ഇന്ധന സെല്ലിനുള്ളിലെ വായുവിൽ നിന്നുള്ള ഓക്സിജനുമായി ചേർന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ബസിന്റെ ഇലക്ട്രിക് മോട്ടോർ പ്രവർത്തിപ്പിക്കുന്നു.
``സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു ഡൽഹി ബസിലെ യാത്ര.``
-സി.പി.ജോൺ,
ഗതാഗത മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |