
സംഭാവന കൊള്ളയിൽ പങ്കില്ലെന്ന് ചമ്പത് റായ്
ട്രസ്റ്രിന്റെ യോഗം ജൂലായ് 6ലേക്ക് ആക്കി
ന്യൂഡൽഹി: സംഭാവനക്കൊള്ള വിവാദം കത്തി നിൽക്കെ അയോദ്ധ്യ ക്ഷേത്രത്തിലെത്തിയ ഉത്തർപ്രദേശ് കോൺഗ്രസ് പി.സി.സി അദ്ധ്യക്ഷനെയുൾപ്പെടെ പൊലീസ് തടങ്കലിലാക്കിയെന്ന് പരാതി. ദർശനത്തിനെത്തിയ അജയ് റായിയെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ആചാര്യ നരേന്ദ്ര ദേവ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നാണ് വിവരം. താനും നാല് എം.പിമാരും വിവിധ സ്ഥലങ്ങളിൽ തടങ്കിലാണെന്ന് അജയ് റായ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അജയ് റായ്, യു.പി കോൺഗ്രസ് എംപിമാരായ കിഷോരി ലാൽ ശർമ്മ, രാകേഷ് റാത്തോർ, ഉജ്ജ്വൽ രാമൻ സിംഗ്, തനുജ് പുനിയ എന്നിവരുൾപ്പെട്ട പ്രതിനിധി സംഘമാണെത്തിയത്. ഭർത്താവിനെ കാണാതായെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ അജയ് റായിയുടെ ഭാര്യ റീന ഇന്നലെ പുറത്തുവിട്ടിരുന്നു. പൊലീസ്കസ്റ്റഡിയിലെടുത്തെന്നും വിവരങ്ങൾ മറച്ചു വയ്‌ക്കുകയാണെന്നും അവർ ആരോപിച്ചു.
മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ
സംഭാവന കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്‌യുടെ മൊഴി. അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെയാണ് കഴിഞ്ഞദിവസം ചോദ്യംചെയ്‌തത്. സംഭാവനകളും ആഭരണങ്ങളുമുൾപ്പെടെ കൈകാര്യം ചെയ്യുന്ന രീതി ചമ്പത് റായ് വിശദീകരിച്ചു. സംഭാവനകൾക്ക് രസീത് കൊടുക്കാറുണ്ടോ, അവ എണ്ണി തിട്ടപ്പെടുത്തുന്ന രീതി, ആഭരണങ്ങൾ എവിടെയാണ് ഭദ്രമായി സൂക്ഷിക്കുന്നത്,ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം തുടങ്ങിയവയെ കുറിച്ച് ചോദ്യങ്ങളുണ്ടായി. പലതിനും തൃപ്‌തികരമായ മറുപടിയുണ്ടായില്ലെന്നാണ് സൂചന. ക്രമക്കേടില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്ന് ചമ്പത് സമ്മതിച്ചു. കൊള്ള മനസിലായപ്പോൾ നടപടിയെടുത്തു. താൻ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയതെന്നും വ്യക്തമാക്കി. രാജിവച്ച ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും മൊഴിയെടുത്തു. അതേസമയം, ട്രസ്റ്രിന്റെ യോഗം ജൂലായ് 11ൽ നിന്ന് 6ലേക്ക് വച്ചു. വിവാദം കനക്കുന്ന പശ്ചാത്തലത്തിൽ യോഗം ചേരുന്നത് വൈകേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി, ഇപ്പോഴത്തെ സംഭവവികാസങ്ങൾ, ട്രസ്റ്റ് പുനഃസംഘടിപ്പിക്കൽ, ട്രസ്റ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കൽ തുടങ്ങിയവ ചർച്ചയായേക്കും. ട്രസ്റ്റിലെ 14 അംഗങ്ങളും ഹാജരാകണമെന്ന് നിർദ്ദേശമുണ്ട്. 2020 ഫെബ്രുവരിയിൽ ട്രസ്റ്റ് രൂപീകരിച്ച ശേഷമുള്ള മുഴുവൻ ബാങ്ക് ഇടപാട് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുകയാണ്. 7 ബാങ്കുകളോടാണ് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈചോദ്യങ്ങൾക്ക് ചമ്പത് റായിക്ക് മറുപടിയില്ല
1.എന്തുകൊണ്ട് സംഭാവന എണ്ണി തിട്ടപ്പെടുത്തലിന് സ്വകാര്യ ഏജൻസിയെ നിയോഗിച്ചു?
2.ഈജോലിക്ക് നിയോഗിക്കുന്നവർക്ക് പോക്കറ്റില്ലാത്ത യൂണിഫോം ആയിരിക്കണമെന്ന നിർദ്ദേശം എന്തുകൊണ്ട് നടപ്പായില്ല?
3.ജീവനക്കാരെ പരിശോധിക്കുന്ന ജോലി സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെ എന്തിന് ഏൽപ്പിച്ചു?
4.പൊലീസിനെയോ,മറ്റ് സർക്കാർ സേനയെയോ നിയോഗിക്കാത്തതെന്ത്?
5.സി.സി.ടി.വി നിരീക്ഷണം കാര്യക്ഷമമല്ലാത്തത് എന്തുകൊണ്ട്?
6.ഓഡിറ്റിംഗ് കൃത്യമായി നടത്താത്തതിന് കാരണം?
രേഖകളിലെ കണക്ക്
2025 ഏപ്രിൽ 1നും കഴിഞ്ഞ ഫെബ്രുവരി 28നുമിടയിൽ 82.78 കോടി രൂപ ഭക്തർ സംഭാവനയായി നൽകിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 54.79 കോടി കാണിക്കപ്പെട്ടികളിലാണ് വീണത്. ക്യാഷ് കൗണ്ടറിലൂടെ 18.88 കോടിയും ലഭിച്ചു. വിദേശത്തു നിന്ന് 78 ലക്ഷം രൂപയും. ട്രസ്റ്റിന്റെ പക്കലുള്ള രേഖകൾ പൊലീസ് പരിശോധിച്ചപ്പോഴാണിത്. ബാങ്ക് പലിശയായി ഇക്കാലയളവിൽ 138.03 കോടിയും ട്രസ്റ്റിലേക്ക് എത്തിയിരുന്നു.
ഞങ്ങളുടെ ഉത്തരവാദിത്തമല്ല:വി.എച്ച്.പി
രാമക്ഷേത്രം നോക്കിനടത്തേണ്ടത് ട്രസ്റ്റിന്റെ ഉത്തരവാദിത്തമാണെന്നും, വിശ്വഹിന്ദു പരിഷത്തിന്റേതല്ലെന്നും വി.എച്ച്.പി ഇന്റർനാഷണൽ പ്രസിഡന്റ് അലോക് കുമാർ പ്രതികരിച്ചു. ക്ഷേത്രം തുറന്നു കൊടുത്തതോടെ വി.എച്ച്.പിയുടെ റോൾ അവസാനിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള ചമ്പത് റായിയുടെ പ്രവൃത്തികൾക്ക് താൻ മറുപടി പറയേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. വി.എച്ച്.പി ഉപാദ്ധ്യക്ഷനാണ് ചമ്പത് റായ്. രാവണൻ പോലും രാമക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നിന്ന് മോഷ്‌ടിക്കില്ലെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. കുറ്രക്കാരെ വെറുതെ വിടരുതെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |