SignIn
Kerala Kaumudi Online
Monday, 06 July 2026 1.58 AM IST

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം, മുംബയിൽ രണ്ട് മരണം

d

മുംബയ്: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ ഒരാഴ്ചയായി തുടരുന്ന മഴയ്ക്ക് ശമനമില്ല. മുംബയിൽ വ്യത്യസ്ത സംഭവങ്ങളിലായി മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. കുർള വെസ്റ്റിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. യൂനുസ് ഹക്കീമുദ്ദീൻ ഷെയ്‌ഖാണ് (63) മരിച്ചത്.

ഗോരെഗാവ് ഈസ്റ്റിൽ മരക്കൊമ്പ് വീണ് ബൈക്ക് യാത്രികനായ 18കാരനും മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ മുംബയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

നഗരത്തിൽ റെഡ് അലർട്ട് തുടരുകയാണ്. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കടലിലേക്ക് പോകരുതെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണം,​ വർക്ക് ഫ്രം ഹോം തുടരണമെന്നും അറിയിച്ചു. ജൂൺ 30ന് ചെമ്പൂരിൽ, മരം സ്‌കൂൾ ബസിന് മുകളിൽ പതിച്ച് 11 കാരൻ മരിക്കുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് ,​ ഉത്തരാഖണ്ഡ്,​ അസാം,​ ജാർഖണ്ഡ് സംസ്ഥാനങ്ങളിലും മഴ രൂക്ഷമായി തുടരുകയാണ്.

ഡൽഹിയിൽ വിമാനങ്ങൾ

തിരിച്ചുവിട്ടു

കടുത്ത ചൂടിന് ശമനമായെങ്കിലും കനത്ത മഴയിൽ ഡൽഹിയിൽ ജനജീവിതം താറുമാറായി. ഇന്നലെ രാവിലെ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായി. ഛത്തർപൂരിൽ 48 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ശനിയാഴ്‌ച 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനില ഇന്നലെ രാവില 30ഡിഗ്രിയിലേക്ക് താണു. ഉച്ചയ്‌ക്ക് ശേഷം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ജൂലായ് 9വരെ ഡൽഹിയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കനത്ത മഴയും കാറ്റും മൂലം ഡൽഹിയിൽ ഇറങ്ങേണ്ട 15 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഇതിൽ അഞ്ച് അന്താരാഷ്‌ട്ര സർവീസുകളും ഉൾപ്പെടുന്നു. തൊട്ടടുത്ത ജയ്‌പൂർ, ലഖ്‌നൗ വിമാനത്താവളങ്ങളിലാണ് അവ ലാൻഡു ചെയ്‌തത്.

യാത്രപുറപ്പെടും മുൻപ് വിമാന സർവീസുകളുടെ കൃത്യമായ വിവരങ്ങൾ മനസിലാക്കാനും വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് അറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റം കാരണം ചില സർവീസുകൾ തടസ്സപ്പെട്ടതായി ആകാശ എയർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360