മുംബയ്: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി. ഇതോടെ തരുൺ തേജ്പാലിനെ 2021ൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി വിധിക്കെതിരെ ഗോവൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജംസന്ദേകർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇരുഭാഗത്തുനിന്നുമുള്ള വിശദമായ വാദങ്ങൾക്കു ശേഷമാണ് വിധി പ്രസ്താവിച്ചത്.
കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. മുതിർന്ന അഭിഭാഷകൻ അബാദ് പോണ്ട തേജ്പാലിനുവേണ്ടി ഹാജരായി. 2013 നവംബറിൽ ഗോവയിൽ നടന്ന 'തിങ്ക്‌ഫെസ്റ്റ്' പരിപാടിക്കിടെ തേജ്പാൽ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തകയുടെ പരാതി.
കേസിൽ അന്വേഷണം പൂർത്തിയാക്കി 2017ൽ ആണ് വിചാരണ ആരംഭിച്ചത്. 2021ൽ തരുൺ തേജ്പാൽ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. എന്നാൽ ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ ഒരാൾ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് മുൻധാരണകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ പെരുമാറ്റത്തെ വിലയിരുത്തിയത് സെഷൻസ് കോടതി വരുത്തിയ ഗുരുതരമായ പിഴവാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ചു.
അതിജീവിത സ്വാഭാവികമായി പ്രകടിപ്പിക്കാൻ സാദ്ധ്യതയുള്ള ഒരു പെരുമാറ്റവും പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതിജീവിച്ച ഒരാൾ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് മാനദണ്ഡമൊന്നുമില്ലെന്ന് തുഷാർ മേത്ത വാദിച്ചു. ഓരോ വ്യക്തിയുടെയും വിദ്യാഭ്യാസം, വ്യക്തിത്വം, സാമൂഹിക പശ്ചാത്തലം, സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
കുറ്റക്കാരനാണെന്ന വിധി വന്നതിനു പിന്നാലെ, തേജ്പാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. 'ഇരയ്ക്ക് തന്റെ മകളുടെ പ്രായമേ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും അദ്ദേഹം കുറ്റകൃത്യം ചെയ്തു. ഇരയെ സംബന്ധിച്ചിടത്തോളം പിതൃതുല്യനായ ഒരാളായിരുന്നു അദ്ദേഹം. അതുകൊണ്ട് അത്തരമൊരു പ്രവൃത്തിയിൽ ഏർപ്പെടാൻ പാടില്ലായിരുന്നു. ഇര വിസമ്മതിച്ചിട്ടും അദ്ദേഹം മുന്നോട്ട് പോകുകയായിരുന്നു. ഒരു പെൺകുട്ടി 'വേണ്ട' എന്ന് പറഞ്ഞാൽ അത് 'വേണ്ട' എന്ന് തന്നെയാണ് അർത്ഥമാക്കുന്നത് എന്ന വ്യക്തമായ സന്ദേശം കോടതി സമൂഹത്തിന് നൽകണം'- തുഷാർ മേത്ത വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |