
തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമയിലെ ഗന്ധർവ ഗായിക എസ്. ജാനകി (88) ഓർമ്മയായി. മൈസൂരു അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യനിദ്ര. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മനതാരിൽ മലരിടും സ്വപ്നളോട് ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ... എന്നു പാടിയ
സംഗീതദേവതയ്ക്ക് നിത്യ സ്മാരകമായി 48,000 ഓളം ഗാനങ്ങൾ. അതിൽ 1200ലേറെ മലയാള ഗാനങ്ങൾ. ജാനകിയുടെ അവസാന സിനിമാഗാനവും മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിൽ. ഇളം മഞ്ഞിൻ കുളിരുള്ള ഗാനങ്ങൾ പകർന്നു നൽകിയ തലമുറകളുടെ ഗായികയാണ് വിടവാങ്ങിയത്.
1958ലായിരുന്നു വിവാഹം. 1990ൽ ഭർത്താവ് വി.രാമപ്രസാദ് നിര്യാതനായി. ഏക മകൻ മുരളീകൃഷ്ണ (പരേതൻ). മരുമകൾ ഉമ. പേരക്കുട്ടികൾ അമൃതവർഷിണി, അപ്സര.
1938ൽ ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജനനം. മൂന്നാം വയസിൽ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ശ്രദ്ധേയയായി. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.
1957ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുൾ മൂടുകയോ എൻ വഴിയിൽ' എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 'കൊഞ്ചും ശിലങ്കൈ' എന്ന തമിഴ്‌ചിത്രത്തിൽ പാടിയ 'ശിങ്കാര വേലനെ ദേവ' എന്ന പാട്ടോടുകൂടിയാണ് തെന്നിന്ത്യയുടെ താരഗായികയായി മാറിയത്.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും പാടിയതിനു പുറമേ, ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്.
ദേശീയ പുരസ്കാരങ്ങൾ
2013: പദ്മഭൂഷൺ ലഭിച്ചെങ്കിലും നിരസിച്ചു
1976: പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്ന ഗാനത്തിന് ആദ്യമായി ദേശീയപുരസ്‌കാരം
1980:ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിന് ദേശീയപുരസ്‌കാരം
1984: തെലുങ്കു ചിത്രം 'സിതാര'യിലെ ഗാനത്തിന്
1992: തമിഴ് ചിത്രം'തേവർമകനി'ലെ ഗാനത്തിന്
14 തവണ: മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ്
14 തവണ: ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ്
7 തവണ: തമിഴ്നാട് സംസ്ഥാന പുരസ്‌കാരം
1986:തമിഴ്നാട് സർക്കാരിന്റെ കലൈമാമണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |