
ന്യൂഡൽഹി: മദ്ധ്യപ്രദേശ് ഹൈക്കോടതി സരസ്വതി ക്ഷേത്രമായി പ്രഖ്യാപിച്ച ഭോജ്ശാല - കമൽ മൗല മസ്ജിദ് മേഖലയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ അനുമതി. ഭോജ്‌ശാല ക്ഷേത്രത്തിൽ ചൊവ്വാഴ്ചയും മസ്‌ജിദിൽ വെള്ളിയാഴ്ചയും പ്രാർത്ഥിക്കാൻ അനുവദിച്ചിരുന്ന ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പകരം ഇരുവിഭാഗത്തിനും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ മസ്‌ജിദിന് സമീപത്തായി പ്രത്യേകം ഇടമൊരുക്കാൻ നിർദ്ദേശിച്ചു. ഉച്ചയ്‌ക്ക് ഒന്നുമുതൽ മൂന്നുവരെ പ്രാർത്ഥിക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇടക്കാല ഉത്തരവിടുന്നതിനെ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ഏറെ വൈകാരികമായ വിഷയമാണ്. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സംഘർഷത്തിന് കാരണമാകുന്ന ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ല. വാദം പറയുമ്പോഴും ഏറെ ശ്രദ്ധ പുലർത്തണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ഉപദേശിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതി വസ്‌തുതകൾ പരിശോധിക്കാതെയാണ് വിധി പറഞ്ഞതെന്ന് മുത്തവല്ലി അടക്കം ഹർജിക്കാർ വാദിച്ചു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥരെ ക്രോസ് വിസ്‌താരം ചെയ്‌തില്ലെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്‌ത ഹർജികളിൽ വിശദമായി വാദം കേൾക്കും. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് കൂട്ടായ്‌മ തുടങ്ങിയവരാണ് എതിർകക്ഷികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |