SignIn
Kerala Kaumudi Online
Tuesday, 04 August 2026 5.20 PM IST

ഇത് വെറും ട്രെയിലർ? ബിജെപിയുടെ കനത്ത തോൽവിക്ക് കാരണം നീറ്റ് മാത്രമല്ല, വരും തിരഞ്ഞെടുപ്പുകളെയും ബാധിച്ചേക്കാം

prasanth-kishor-
പ്രശാന്ത് കിഷോർ, ബിജെപിയുടെ പതാക

ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുകുത്തേണ്ടിവന്ന ബിജെപിക്ക് വീണ്ടും ക്ഷീണമുണ്ടാക്കുന്നതാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവി. പാർട്ടി ദേശീയ അദ്ധ്യക്ഷനായ നിതിൻ നബിന്റെ മണ്ഡലമായ ബങ്കിപൂരിലെ തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നിതിൻ നബിൻ ബങ്കിപൂർ എംഎൽഎ സ്ഥാനം രാജിവച്ചത്.

ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര സംഭാവന മോഷണം, പ്രാദേശിക തലത്തിലുള്ള പാർട്ടി പ്രശ്‌നങ്ങൾ എന്നിവയാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളായിരുന്ന ബങ്കിപൂരിലും ദതിയയിലും പോലും തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് നേതാക്കൾ പ്രതികരിച്ചത്. അഴിമതി വിരുദ്ധ പ്രസ്ഥാനമെന്ന പ്രചാരണവുമായി രംഗത്തെത്തിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് പതിറ്റാണ്ടുകളായി ബിജെപി കയ്യടക്കി വച്ചിരുന്ന ബങ്കിപൂർ പിടിച്ചെടുത്തത്.

കണ്ണുതുറപ്പിക്കുന്ന തോൽവി

ഈ തിരഞ്ഞെടുപ്പ് തോൽവി പാർട്ടിയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. ബിജെപി വോട്ട് ബാങ്കുകളായി കണക്കാക്കപ്പെട്ടിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ചോർന്നുപോകുന്ന കാഴ്‌ചയാണ് ഇതിലൂടെ കണ്ടത്. രവിശങ്കർ പ്രസാദ്, നിതിൻ നബിൻ, രാംകൃപാൽ യാദവ് തുടങ്ങിയ ശക്തരായ നേതാക്കളുടെ മണ്ഡലങ്ങളിൽ പോലും തോറ്റത് വലിയ തിരിച്ചടിയാണ്. 42 ശതമാനത്തിലധികം ഉയർന്ന ജാതി വോട്ടർമാരുള്ള മണ്ഡലമാണ് ബങ്കിപൂർ. കൂടാതെ സഖ്യകക്ഷികളായ ലോക് ജനശക്തി പാർട്ടിയും ജനതാദൾ യുണൈറ്റഡും ഒപ്പമുണ്ടായിരുന്നിട്ടും ബിജെപി പരാജയപ്പെട്ടു.

വിള്ളലുകൾ

ബങ്കിപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന നീരജ് കുമാറിനെ ജാതി വിഭാഗങ്ങളൊന്നും പിന്തുണയ്‌ക്കാത്ത കാഴ്‌ചയാണ് ഇന്നലത്തെ ഫലം വ്യക്തമാക്കുന്നത്. ബിജെപി പ്രതീക്ഷിച്ചതിൽ നിന്ന് വിഭിന്നമായി എല്ലാ ജാതി ഗ്രൂപ്പുകളിൽ നിന്നും വോട്ട് ചോ‌ർച്ചയുണ്ടായി. 'നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രിയാക്കാത്തതിൽ കുർമി വിഭാഗത്തിൽപ്പെടുന്നവർക്ക് അതൃപ്‌തിയുണ്ടായിരുന്നു. ഉയർന്ന വിഭാഗത്തിലുള്ളവർ പ്രശാന്ത് കിഷോറിനെ പിന്തുണച്ചു. മുസ്ലീം വോട്ടുകളൊന്നും ബിജെപിക്ക് ലഭിച്ചില്ല. ദളിത് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കൂടാതെ ബിജെപിക്ക് ലഭിച്ചിരുന്ന സ്‌ത്രീ വോട്ടുകളും കുറഞ്ഞു' - എന്നാണ് ഒരു പ്രാദേശിക നേതാവ് പ്രതികരിച്ചത്.

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായുള്ള സമിതികളും ഇക്വിറ്റി സ്‌ക്വാഡുകളും സ്ഥാപിക്കുന്നതിനുള്ള യുജിസി മാർഗനിർദേശങ്ങൾ പിൻവലിച്ചതും സാമ്രാട്ട് ചൗധരിയെ ബിഹാർ മുഖ്യമന്ത്രിയാക്കിയതും ഉയർന്ന ജാതിക്കാ‌ർക്കിടയിൽ നിരാശയുണ്ടാക്കിയെന്നാണ് മറ്റൊരു നേതാവ് പ്രതികരിച്ചത്.

students-protest
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധം

നീറ്റ് പ്രതിഷേധങ്ങൾ ബാധിച്ചോ?

അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിച്ചോ എന്നത് തള്ളിക്കളയാനാകില്ല എന്നാണ് നേതാക്കൾ പറയുന്നത്. ബങ്കിപൂരിൽ കോച്ചിംഗ് സെന്ററുകൾ ധാരാളമുണ്ട്. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന യുവാക്കളുടെ എണ്ണവും മണ്ഡലത്തിൽ കൂടുതലാണ്. കൂടാതെ ചില മുതിർന്ന നേതാക്കളുടെ പ്രസ്‌താവനകൾ അഹങ്കാരമായി ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇത് നഗരപ്രദേശങ്ങളിലെ വോട്ടർമാരെ അകറ്റി. വിവാദങ്ങളുടെ പേരിൽ ആദ്യം തീരുമാനിച്ച സ്ഥാനാർത്ഥികളെ മാറ്റേണ്ടിവന്നതും പാർട്ടിക്ക് കോട്ടമുണ്ടാക്കി.

ഭാവിയിൽ തിരിച്ചടിയാകുമോ?

അടുത്ത വർഷം ആദ്യം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോൾ ബിജെപി വൻ തോൽവി ഏറ്റുവാങ്ങിയത്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിൽ ഗുജറാത്തിലെ മഞ്ചാൽപുരിൽ മാത്രമാണ് ബിജെപി ജയിച്ചത്. അതും കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഇത്തവണ വെറും 30,630 ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ് ബിജെപി തൂത്തുവാരിയപ്പോഴും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് ദതിയ.

ബിജെപിയുടെ അശുതോഷ് തിവാരിയെ 6016 വോട്ടിനാണ് കോൺഗ്രസിന്റെ ഘനശ്യാം സിന്ദ് തോൽപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നിട്ടുപോലും ജനങ്ങൾ വീണ്ടും കോൺഗ്രസിനെ പിന്തുണച്ചു. വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായേക്കാവുന്ന തിരിച്ചടിയുടെ സൂചനയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

English Summary

The BJP experienced significant by-election defeats in Bankipur and Datia, with Prashant Kishor's Jan Suraj Party winning the traditional BJP stronghold of Bankipur. Leaders attributed losses to issues like question paper leaks, Ram Mandir donation theft, and local party problems, coupled with caste-based dissatisfaction among voters. These results signal an erosion of the BJP's traditional support base.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP DEFEAT, NEET CONTROVERSY, ELECTION IMPACT, BJP ELECTION NEWS, BJP NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360