
ബംഗളൂരു: ജൂലായ് ഒമ്പത് രാവിലെ 9.40. കർണാടക ചിക്കബല്ലപുരിലെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി. ഫസ്റ്റ് അഡിഷണൽ സീനിയർ സിവിൽ ജഡ്ജിയെത്തി. നോക്കുമ്പോൾ കസേരയിൽ നിറയെ വെള്ളക്കടുകുകൾ. ഡയസിലും വെള്ളക്കടുക്. അസ്വാഭാവിക തോന്നിയ ജഡ്ജി വിവരം ജീവനക്കാരെ അറിയിച്ചു. തുടർന്ന് സി.സി ടിവി പരിശോധിച്ച ജീവനക്കാർ ഞെട്ടി. ജഡ്‌ജിയുടെ കസേരയിൽ ഒരു സ്ത്രീ എന്തോ വിതറുന്നു. കോടതിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ 65കാരിയായ മഞ്ജുള അറസ്റ്റിൽ. എന്താ, എങ്ങനെയാ എന്നൊക്കെയുള്ള പൊലീസിന്റെ ചോദ്യത്തിന് മഞ്ജുളയുടെ ഉത്തരം 'കൂടോത്രം. അനുകൂല വിധിയുണ്ടാകാൻ ചെയ്തതാണ് സാറേ....' താനുൾപ്പെട്ട ഒരു തർക്ക കേസിൽ അനുകൂല വിധിയുണ്ടാകാൻ കടുകിൽ കൂടോത്രം. 2017ലെ കർണാടക പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക്ക് ആക്ട് പ്രകാരം മഞ്ജുളയെ അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആരുടെയും ശ്രദ്ധയിൽപ്പെടാതെ കോടതിമുറിയിൽ എങ്ങനെ കയറി എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |