
വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി
ശ്രീനഗർ: കനത്ത മഴയിലും മിന്നൽ പ്രളയത്തിലും വിറച്ച് ജമ്മു കാശ്മീർ. വിവിധ മേഖലകളിൽ മേഘവിസ്ഫോടനവും ഉരുൾപൊട്ടലുമുണ്ടായി.
14 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചുപോയി. കെട്ടിടങ്ങൾ തകർന്നു. ഏറെ നാശനഷ്ടം റിപ്പോർട്ട് ചെയ്ത പൂഞ്ച്, രജൗരി, സുരാൻകോട്ട് ജില്ലകളിൽ ജനജീവിതം താറുമാറായി. സൈന്യമുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കുട്ടികളുൾപ്പെടെ കുടുങ്ങിക്കിടക്കുകയായിരുന്ന നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദർഹാലി, ഖണ്ട്ലി, സക്തോ, ജാമോള എന്നീ നദികൾ കരകവിഞ്ഞ് അപകടരമായ നിലയിലാണ് ഒഴുകുന്നത്. ജമ്മു -ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തെക്കൻ കാശ്മീരിലും മഴക്കെടുതി രൂക്ഷമാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അമർനാഥ് യാത്രയും വൈഷ്‌ണോ ദേവി യാത്രയും താത്കാലികമായി നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹി സന്ദർശനം റദ്ദാക്കി ജമ്മുവിലെത്തി. ഉന്നതതലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ലെഫ് ഗവർണർ മനോജ് സിൻഹയും സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇരുവരും നിർദ്ദേശിച്ചു.
ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി.അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് മുന്നറിയിപ്പ്.
നാഗാലാൻഡിൽ
എട്ട് മരണം
നാഗാലാൻഡിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.
മോൺ ജില്ലയിൽ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. കൂടുതൽ പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടമേഖലകളിൽ നിന്ന് നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |