SignIn
Kerala Kaumudi Online
Thursday, 13 August 2026 12.26 PM IST

ഗേറ്റ്‌ തുറന്നതും പാഞ്ഞടുത്തു, പിറ്റ്‌ബുൾ നായ ശരീരത്തിൽ കടിച്ചുതൂങ്ങി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

dog-bite
ദമ്പതികളെ പിറ്റ്‌ബുൾ നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

ചണ്ഡീഗഡ്: പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. പഞ്ചാബിലെ പാട്ട്യാലയിൽ ഘുമൻ നഗർ മേഖലയിൽ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവമുണ്ടായത്. ബ്രോക്കറിനൊപ്പം വാടകയ്‌ക്കെടുക്കാൻ ഉദ്ദേശിച്ചിരുന്ന വീട് കാണാനായെത്തിയ അങ്കിത് സബർവാളും ഭാര്യ ഷിഫാലിയുമാണ് ആക്രമണത്തിനിരയായത്.

ബ്രോക്കർ വീടിന്റെ ഗേറ്റ് തുറന്നതോടെ പുറത്തേയ്‌ക്കെത്തിയ പിറ്റ്‌ബുൾ യുവതിയെ ആക്രമിക്കാൻ തുടങ്ങി. കൈകാലുകളിൽ ഉൾപ്പടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഷിഫാലിക്ക് കടിയേറ്റു. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാകേണ്ടിവന്ന യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിനെയും പിറ്റ്‌ബുൾ ആക്രമിച്ചു.

ഭയനാകമായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗേറ്റിന് പുറത്തേക്ക് വന്ന പിറ്റ്‌ബുളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയിൽ യുവതി നിയന്ത്രണംതെറ്റി താഴെ വീഴുന്നുണ്ട്. എന്നാൽ നായ യുവതിയുടെ ശരീരത്തിനുമുകളിലേക്ക് ചാടിവീഴുകയാണ് ചെയ്യുന്നത്. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിതിന്റെ മുതുകിൽ കടിക്കുന്ന നായ പിടിവിടാതെ ഏറെ നേരത്തേക്ക് തൂങ്ങിക്കിടക്കുന്നുണ്ട്. ദമ്പതികളുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി അടിച്ചോടിക്കാൻ ശ്രമിച്ചിട്ടും നായ കടിവിട്ടില്ല.

ഏറെ പ്രയാസപ്പെട്ടാണ് സമീപവാസികൾ നായയെ വീട്ടിനുള്ളിലാക്കി ഗേറ്റ് പൂട്ടിയത്. നായയുടെ കടിയേറ്റ് അങ്കിതിന്റെ ശരീരത്തിലുണ്ടായ ആഴത്തിലുള്ള മുറിവുകളിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം. നായയുടെ ഉടമസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അങ്കിത് ആവശ്യപ്പെട്ടു. പട്ടിയാലയിൽ നായയുടെ ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. അക്രമവാസന പ്രകടിപ്പിക്കുന്ന ഇനത്തിൽപ്പെട്ട നായകളെ വളർത്തുന്നത് നഗരത്തിൽ നിരോധിക്കുമെന്ന് പട്ടിയാല മേയർ കുന്ദൻ ഗോഗിയ പറഞ്ഞു. വിഷയം മുനിസിപ്പൽ കോർപ്പറേഷന്റെ യോഗത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രത്യേകമായി പ്രമേയം കൊണ്ടുവരാനും അധികൃതർ ആലോചിക്കുന്നുണ്ട്.

English Summary

A pit bull seriously injured a couple in Patiala, Punjab. CCTV captured the attack, while neighbours struggled to rescue them. Authorities are considering a ban on aggressive dog breeds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG BITE, DOG ATTACK, INJURY, CCTV VISUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360