SignIn
Kerala Kaumudi Online
Wednesday, 02 September 2026 8.41 AM IST

ഇറാനെതിരെ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക; വിവാഹവീട്ടിൽ മിസൈൽ അവശിഷ്‌ടങ്ങൾ പതിച്ചു, നാല് മരണം

american-attack
ആക്രമണത്തിൽ തകർന്ന കെട്ടിടം

വാഷിംഗ്‌ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള വിവിധമേഖലകളിലാണ് ആക്രമണം നടത്തിയത്. തെക്കൻ ഇറാനിലെ സിറിക്കിൽ വിവാഹവീട്ടിൽ മിസൈൽ അവശിഷ്‌ടങ്ങൾ പതിച്ച് നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 50 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കും മേഖലയിലെ അമേരിക്കൻ സൈനികർക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാന്റ് അറിയിച്ചു. സാധാരണക്കാരെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ പരാജയപ്പെട്ട ശ്രമത്തിനും ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ വിക്ഷേപിച്ച എട്ട് മിസൈലുകൾക്കും മറുപടിയായാണ് ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാൻ അയച്ച 10 ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. അമേരിക്കയ്‌ക്ക് 'മറക്കാനാകാത്ത പാഠം' നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി മുന്നറിയിപ്പ് നൽകി. കൂടുതൽ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

ആക്രമണസാദ്ധ്യത കണക്കിലെടുത്ത് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. പൗരന്മാരും താമസക്കാരും ശാന്തത പാലിക്കണമെന്നും സമീപത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിർദേശിച്ചു. പൊതുസുരക്ഷ ഉറപ്പിക്കുന്നതിനായി ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

English Summary

The US intensified strikes on Iran, killing four people and injuring around 50. Iran retaliated by targeting US military bases in Bahrain, Kuwait and Jordan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US ATTACKS IRAN, IRAN RETALIATION, IRAN ATTACKS JORDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360