SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.56 AM IST

വീട്ടിൽ വൃദ്ധരെ സംരക്ഷിക്കാത്ത കൊച്ചുമക്കളെയും ഇറക്കിവിടാം സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ

READ ENGLISH VERSION
senio
f

ന്യൂഡൽഹി: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മനസില്ലാത്ത മക്കളെയും ചെറുമക്കളെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശുകാരനായ രവികാന്ത് ഗുപ്‌ത തന്റെ 81കാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഇടപെടൽ. രവികാന്ത് വാങ്ങിയ വീട്ടിലാണ് മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നത്. എന്നാൽ,​ കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ളിയെ ബലംപ്രയോഗിച്ചു മാറ്റി ഓൾഡ് ഏജ് ഹോമിലാക്കി. ഇതിനെതിരെ സബ് ഡിവിഷണൽ മജിസ്ട്രേട്ട് അദ്ധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ രവികാന്ത് സമീപിച്ചിരുന്നു. മകനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവും നേടി. എന്നാൽ, മകന്റെ ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി. ഇതോടെയാണ് രവികാന്ത് പരമോന്നത കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി,​ മുത്തശ്ശിയെ സംരക്ഷിക്കാത്ത കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഇറക്കിവിടാൻ അനുമതി നൽകി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ട്രൈബ്യൂണലിന്റെ അധികാരം

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന,ക്ഷേമ നിയമത്തിൽ സബ്-ഡിവിഷണൽ, ജില്ല മജിസ്ട്രേട്ട് തലത്തിലെ ട്രൈബ്യൂണലുകളുടെ അധികാരത്തെക്കുറിച്ച് പറയുന്ന ഭാഗം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാരുടെ പരിപാലനമോ സംരക്ഷണമോ ഉറപ്പാക്കാൻ ഒഴിപ്പിക്കൽ നടപടി അനിവാര്യമാണെങ്കിൽ ട്രൈബ്യൂണലുകൾക്ക് അതിനുത്തരവിടാൻ അധികാരമുണ്ട്. വീട്ടിൽനിന്നും വസ്‌തുവിൽ നിന്നും വ്യക്തികളെ ഒഴിപ്പിക്കാം. വാർദ്ധക്യത്തിൽ അവഗണന,അരക്ഷിതാവസ്ഥ,അപമാനം എന്നിവയുണ്ടാകുന്നത് ഒഴിവാക്കാനാണ് 2007ൽ നിയമം കൊണ്ടുവന്നത്. പിതാവിനെയും മാതാവിനെയും ദൈവത്തെ പോലെ കണ്ട് ബഹുമാനിക്കുമെന്ന് ഉറപ്പാക്കാനും ചട്ടമുണ്ട്.

വൃദ്ധർ അന്തസിന്റെ പ്രതീകം

പരിഷ്‌കൃത സമൂഹത്തിന്റെ നിലവാരം അവിടത്തെ വൃദ്ധർക്ക് നൽകുന്ന അന്തസിലും ബഹുമാനത്തിലും സുരക്ഷയിലും പ്രതിഫലിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. മതങ്ങളിലും,സംസ്കാരങ്ങളിലും,നാഗരികതയിലും മുതിർന്ന പൗരന്മാരെ പരിചരണം ആവശ്യമുള്ള ആശ്രിതരായല്ല കാണുന്നത്. കുടുംബങ്ങളെയും സമൂഹത്തെയും ഒരുപോലെ സമ്പന്നമാക്കുന്ന ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഓർമ്മയുടെയും കലവറകളായാണ്. ജീവിതം,അന്തസ്,സമത്വം എന്നിവയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങൾ ദുർബലരെ കൂടി സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360