
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങളിൽ പഠനവും ഗവേഷണവും നടത്തുന്ന യു.ജി.സി കേന്ദ്രങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും സെപ്തംബർ മാസത്തെ ശമ്പളം മുടങ്ങി.സെന്റർ ഫോർ ദ സ്റ്റഡി ഒഫ് സോഷ്യൽ ഇൻക്ലൂഷൻ ഇൻ യൂണിവേഴ്സിറ്റീസ് (സി.എസ്.എസ്.ഐ.യു) കേന്ദ്രങ്ങളാണ് പ്രതിസന്ധിയിലായത്.
പുതിയ സാമ്പത്തിക വർഷം തുടങ്ങി ഏഴുമാസമായിട്ടും തുടർ അനുമതി നൽകാത്തതിനെ തുടർന്നാണിത്. പദ്ധതി തുടരാനുള്ള നിർദേശം പരിഗണനയിലാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.
ബനാറസ് ഹിന്ദു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ഹൈദരാബാദ് സർവകലാശാല, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ്, പഞ്ചാബ് സർവകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലായി 24 കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.
ചില കേന്ദ്രങ്ങളിൽ ഓഗസ്റ്റ് മുതലേ ശമ്പള പ്രതിസന്ധി തുടങ്ങിയിരുന്നു. അന്ന് 20 ദിവസം വൈകിയാണ് ലഭിച്ചത്. ഇത്തവണ സെപ്തംബർ ശമ്പളം പൂർണമായും മുടങ്ങിയിരിക്കുകയാണ്.
2007-08ൽ അഞ്ചുവർഷ പദ്ധതിയായാണ് സി.എസ്.എസ്.ഐ.യുവിന് തുടക്കമിട്ടത്. പിന്നീട് യു.ജി.സിയുടെ വാർഷിക പദ്ധതിയായി മാറി. പ്രവർത്തനച്ചെലവിന്റെ കണക്കുകളും രേഖകളും പരിശോധിച്ചശേഷം ചെലവായ തുക തിരിച്ചുനൽകുന്ന രീതിയിലാണ് ധനസഹായം നൽകുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-25ൽ 18 കേന്ദ്രങ്ങൾക്ക് 26.05 കോടി രൂപ അനുവദിച്ചു. 2025-26ൽ 7.59 കോടി മുൻകൂറായി അനുവദിച്ചു. ആ വർഷം ആകെ 33.64 കോടി രൂപ വിതരണം ചെയ്തെന്ന് മന്ത്രാലയം വ്യക്തമാക്കി.
താൽക്കാലിക അനുമതിക്ക് പകരം കേന്ദ്രങ്ങളിലെ അധ്യാപക-അനധ്യാപക തസ്തികകൾ സർവകലാശാലകളുടെ സ്ഥിരം സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |