
ന്യൂഡൽഹി: എസ്.ഐ.ആർ വിവാദത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ പ്രതിഷേധമിരമ്പി. ജന്തർ മന്ദറിലേക്ക് പ്രവേശനം തടഞ്ഞ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. അറസ്റ്റുചെയ്ത് നീക്കുന്തോറും കൂടുതൽ പ്രതിഷേധക്കാരെത്തി.
വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആൾ ഇന്ത്യ സ്റ്റ്യൂഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറയാണ് ഇന്നലെ വീണ്ടും ഒത്തുചേരാൻ ആഹ്വാനം ചെയ്തത്. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ, നിത്യ രാമകൃഷ്ണൻ, പല്ലവ് സിസോദിയ എന്നിവരും പങ്കെടുത്തു. പട്ടേൽ ചൗക്കിൽനിന്ന് ജന്തർ മന്ദറിലേക്ക് നീങ്ങിയപ്പോൾ തന്നെ 150ലേറെ പേരെ കസ്റ്റഡിയിലെടുത്തു. പുരുഷ പൊലീസുകാർ നേഹയെ കൈയേറ്റം ചെയ്‌തെന്ന് പ്രവർത്തകർ ആരോപിച്ചു.
1000 പേർ കസ്റ്റഡിയിൽ
മൂന്ന് എഫ്.ഐ.ആർ
വെള്ളിയാഴ്ച പ്രതിഷേിച്ച 1000 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൂന്ന് എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചതിന് പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒന്നും എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിപ്പട്ടികയിൽ വ്യക്തികളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഘടനകളുടെ വിവരങ്ങളാണുള്ളതെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
10ന് ഡൽഹിയിലും
സി.ജെ.പി പ്രതിഷേധം
ഗ്യാനേഷിന്റെ രാജിക്കായി ഈമാസം 10ന് ഡൽഹിയിലും സമരത്തിന് സി.ജെ.പി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ജന്തർ മന്ദറിൽ പ്രതിഷേധിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറഞ്ഞു. മുംബയ് ശിവാജി പാർക്കിൽ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. മഹാത്മാഗാന്ധി കാണിച്ചുതന്ന സമാധാനത്തിന്റെ വഴിയിലൂടെയായിരിക്കും പ്രതിഷേധം. നീതിയുക്തമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നവരെല്ലാം പങ്കാളികളാകാനും ദീപ്‌കെ ആഹ്വാനം ചെയ്തു.
ക്യാമ്പെയിനുമായി
എസ്.എഫ്.ഐ-
ഡി.വൈ.എഫ്.ഐ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും രാജ്യവ്യാപക പ്രതിഷേധത്തിന്. 7, 8ന് ക്യാമ്പസുകളിൽ 'വോട്ട് കി ആവാസ്' പ്രചാരണവും അഭിപ്രായവോട്ടെടുപ്പും സാംസ്കാരിക പരിപാടികളും നടത്തും. 9ന് പ്രധാന നഗരങ്ങളിൽ 'ഗുഡ് ബൈ ഗ്യാനേഷ്' പ്രതിഷേധവും 10ന് ജന്തർ മന്ദറിലേക്ക് ബഹുജന മാർച്ചും നടത്തും. എസ്.ഐ.ആർ വഴി പേരുകൾ നഷ്ടപ്പെട്ട യുവാക്കളെയും മറ്റ് വിദ്യാർത്ഥിയുവജന സംഘടനകളെയും സമരത്തിൽ അണിനിരത്തുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി, ജനറൽ സെക്രട്ടറി ഹിമഘ്നരാജ് ഭട്ടാചാര്യ, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |