
ചെന്നൈ: ധാരാപുരം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ ടി.വി.കെ സ്ഥാനാർത്ഥി പി. സത്യഭാമയെ കുറിച്ച് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ നടത്തിയ പരാമർശം ആയുധമാക്കി ടി.വി.കെ. തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ സ്ഥാനാർത്ഥിയായി വിജയിച്ച സത്യഭാമ തിരഞ്ഞെടുപ്പിന് ശേഷം എം.എൽ.എ സ്ഥാനം രാജിവച്ച് ടി.വി.കെയിൽ ചേരുകയായിരുന്നു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ ടി.വി.കെ സ്ഥാനാർത്ഥിയുമായി. പണം വാങ്ങി കാലുമാറിയെന്ന് സൂചിപ്പിക്കാൻ സ്റ്റാലിൻ നടത്തിയ പദപ്രയോഗമാണ് സത്യഭാമയുടെ ശരീരത്തെ അവഹേളിച്ചുവെന്ന തരത്തിൽ ടി.വി.കെ പ്രചരിപ്പിച്ചത്. വെള്ളിയാഴ്ച ഡി.എം.കെ സ്ഥാനാർത്ഥി സുകന്യയ്ക്കു വേണ്ടി പ്രാചരണം നടത്തിയപ്പോഴാണ് സ്റ്റാലിന്റെ വിവാദ പരാമർശം.
ഡി.എം.കെയെ 'തീയശക്തി' എന്ന് വിശേഷിപ്പിച്ച വിജയ്, സത്യഭാമയുടെ ശരീരപ്രകൃതിയെ സ്റ്റാലിൻ പരിഹസിച്ചെന്നും മോശമായ രീതിയിലാണ് അവരെക്കുറിച്ച് സംസാരിച്ചതെന്നും കുറ്റപ്പെടുത്തി. നമ്മുടെ സ്ഥാനാർത്ഥിയായ സഹോദരി സത്യഭാമയുടെ ശരീരപ്രകൃതിയെ പരിഹസിച്ചും അവരെക്കുറിച്ച് അങ്ങേയറ്റം അശ്ലീലമായി സംസാരിച്ചും സ്റ്റാലിൻ സാഡിസ്റ്റ് ആനന്ദം കണ്ടെത്തുകയാണെന്നും വിജയ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ കുറ്റപ്പെടുത്തി.
ടി.വി.കെയുടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മന്ത്രി ആധവ് അർജ്ജുന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമം എന്നിവ പ്രകാരം നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
തമിഴ്നാട്ടലെ ഹൈവേകളിൽ
ഹിന്ദി ബോർഡുകൾ:
വിമർശിച്ച് സ്റ്റാലിൻ
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ടി.വി.കെ സർക്കാർ ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആരോപണം. തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ ഇരുഭാഷ നയത്തിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളിൽ നിന്ന് വിജയ് സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ സ്റ്റേറ്റ് ഹൈവേകളിൽ സൂചനാ ബോർഡുകളിൽ തമിഴ്, ഇംഗ്ലീഷ് സ്ഥലപ്പേരുകൾക്കൊപ്പം ഹിന്ദിപ്പേരുകൾ കൂടി ഇടം പിടിച്ചതോടെയാണിത്.
ഇത്രയും കാലം കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്നാട് പോരാടുകയായിരുന്നുവെന്നും എന്നാലിപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ഇതാണോ ടി.വി.കെ സർക്കാർ വാഗ്ദാനം ചെയ്ത മാറ്റമെന്നും ഡി.എം.കെ നേതാവ് കൂട്ടിച്ചേർത്തു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ടി.വി.കെ സർക്കാർ ആദ്യം വിവിധ വിഷയങ്ങളിൽ നിലപാടെടുക്കുകയും പിന്നീട് പൊതുജനങ്ങളുടെ വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോൾ നിലപാട് മാറ്റുകയാണ്. സർക്കാർ റീൽസ് സർക്കാരായി മാറിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |