
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ വക്താവ് പ്രിയങ്ക കക്കർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദ്ര യാദവ്, മുതിർന്ന നേതാക്കളായ രാജീവ് ശുക്ല, നസീർ ഹുസൈൻ, പവൻ ഖേര എന്നിവർ പ്രിയങ്കയെ സ്വാഗതം ചെയ്‌തു. ഉത്തർപ്രദേശിലെ ആം ആദ്‌മി നേതാക്കളായ ശ്യാം സുന്ദർ ശർമ്മ, രജത് രാകേഷ് ടണ്ടൻ എന്നിവരും കോൺഗ്രസിൽ ചേർന്നു.
ആം ആദ്‌മി നേതാക്കൾ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചതോടെ മാറ്റം അനിവാര്യമായെന്ന് പ്രിയങ്ക പറഞ്ഞു. ഒരിക്കലും കാറും ബംഗ്ലാവും സ്വീകരിക്കില്ലെന്ന് പറഞ്ഞവർ ഹെലികോപ്റ്ററുകൾ വരെ ഉപയോഗിച്ചുതുടങ്ങി. അത് ന്യായീകരിക്കാനാകാത്തതാണ്.
തുടക്കത്തിൽ കാര്യശേഷിയുള്ള ആളുകളെ ആകർഷിച്ച ആം ആദ്മിക്ക് പിന്നീടവരെ നിലനിറുത്താനായില്ല. അതോടെ ബൂത്ത് തലത്തിൽ പോലും പ്രവർത്തിക്കാത്ത ആളുകളെ രാജസ്ഥാനിൽ നിന്നെത്തിച്ച് പഞ്ചാബിൽ വലിയ സ്ഥാനങ്ങളും ബംഗ്ലാവുകളും കാറുകളും നൽകി. ഡൽഹിയെ സുരക്ഷിതവും പുരോഗമനപരവുമാക്കാൻ കോൺഗ്രസിനേ കഴിയൂ. രാഹുൽ ഗാന്ധി ക്യാമറകൾക്കുവേണ്ടി കണ്ണീർ പൊഴിക്കാറില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |