
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥി സൗഹൃദ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ ന്യായവും സുരക്ഷിതവും പരീക്ഷാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായി നടത്തുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. ജൂൺ 21ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
പുതിയ മാറ്റങ്ങൾ പ്രകാരം പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി (3.15 മണിക്കൂർ) പരിഷ്കരിച്ചു. പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം 5:15 വരെ ആണ് പുതുതായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേപ്പറിന്റെ എണ്ണം കൂട്ടി. നേരത്തെ രണ്ട് പേജായിരുന്നത് നാലാക്കി.
കൂടാതെ നേരത്തെ ബുക്ക്‌ലെറ്റിന്റെ അവസാന പേജുകളിലായി റഫ് വർക്കിനുള്ള പേജ് നൽകിയിരുന്നതിലും മാറ്റം വരുത്തി. ഇനിമുതൽ രണ്ട് റഫ് വർക്ക് പേജുകൾ നിർദേശങ്ങൾ നൽകിയിരിക്കുന്ന പേജിന് ശേഷവും ബാക്കി രണ്ട് പേജുകൾ ചോദ്യപ്പേപ്പറിന്റെ അവസാനവുമായിരിക്കും കാണപ്പെടുക. പരീക്ഷയ്ക്ക് മുൻപായി അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടുന്നതും ഇൻവിജിലേഷൻ നടപടികളും തുടരും.
പരീക്ഷാ പ്രക്രിയ കൂടുതൽ സുഖകരവും വിദ്യാർത്ഥി സൗഹൃദപരവുമാക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് എൻടിഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി +91-11-40759000 എന്ന നമ്പറിലും neetug2026@nta.ac.in എന്ന ഇമെയിലിലും ബന്ധപ്പെടാം. എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാനും ഏജൻസി നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |