SignIn
Kerala Kaumudi Online
Thursday, 01 October 2026 11.08 AM IST

'ഹീറോ, രാജ്യത്തിന്റെ അഭിമാനം': ആകാശദുരന്തം തടഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

smith-and-modi
ക്യാപ്റ്റൻ സ്മിത് മച്ചാർ,​ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് തോൽപ്പിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മിത് മച്ചാർ ഒരു യാഥാർത്ഥ ഹീറോയാണെന്നും അതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

സഹ പൈലറ്റിന്റെ കുത്തേറ്റിട്ടും 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം കാണിച്ച നിശ്ചയദാർഢ്യത്തെയും മോദി പ്രശംസിച്ചു. നൂറുകണക്കിന് ജീവൻ രക്ഷിക്കാനും ഒരു വലിയ ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന്റെ ധൈര്യംകൊണ്ട് സാധിച്ചു. ക്യാപ്റ്റൻ മച്ചാറിനെ ഓർത്ത് രാജ്യത്തിന് അഭിമാനമുണ്ടെന്നും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്മിത് മച്ചാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സ്മിത് മച്ചാറിന്റെ ധീരതയ്ക്ക് സല്യൂട്ട് പറഞ്ഞ് അഭിനന്ദിച്ച നെതന്യാഹു വലിയ ഒരു ആകാശ ദുരന്തമാണ് അദ്ദേഹം തടഞ്ഞതെന്നും എക്സിൽ കുറിച്ചു. സ്മിത് മച്ചാറിനെ ഹീറോ എന്ന് പ്രശംസിച്ച ട്രംപ് അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.

ദുബായിൽ നിന്ന് ഇസ്രയേൽ നഗരമായ ടെൽ ആവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കുകയായിരുന്നു കോ പൈലറ്റിന്റെ ലക്ഷ്യം. യാത്രക്കാരിൽ ഭൂരിപക്ഷവും ഇസ്രയേൽ പൗര‌ൻമാരായിരുന്നു. കോക്പിറ്റിലുണ്ടായ ഏറ്റുമുട്ടലിൽ സ്മിത് മച്ചാറിനെ ഒമാൻ പൗരനായ കോ-പൈലറ്റ് കത്തികൊണ്ട് ആക്രമിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ബുധനാഴ്ച പുലർച്ചെ 3.05ഓടെ ദുബായിൽനിന്ന് പുറപ്പെട്ട ബോയിങ് 737 വിമാനം രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 33,000 അടി ഉയരത്തിൽ നിന്ന് പെട്ടെന്ന് 17,000 അടിയിലേക്ക് പതിക്കുകയായിരുന്നു. അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന 7700 കോഡും പിന്നാലെ റാഞ്ചുകയോ, മറ്റ് ഇടപെടൽ ഉണ്ടാകുമ്പോഴോ നൽകുന്ന 7500 കോഡും പ്രക്ഷേപണം ചെയ്തു. ഇതോടെ വിമാനം റാഞ്ചിയെന്ന അഭ്യൂഹം ശക്തമായി. വീണ്ടും 7700 കോഡ് നൽകിയതോടെ ആശങ്ക കുറഞ്ഞു.

കോക് പിറ്റിൽ തർ‌ക്കം നടക്കവെ മുൻനിരയിലുണ്ടായിരുന്ന ചില യാത്രക്കാർ സഹപൈലറ്റിനെ നേരിട്ടു. ഇയാളെ യാത്രക്കാർ കോക്‌പിറ്റിൽ നിന്ന് പുറത്താക്കി. യാത്രക്കാരായി ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു. രാവിലെ 9.45നും 9.50നും ഇടയിലാണ് തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

ആരാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ?

2022 മുതൽ ഫ്ലൈ ദുബായിൽ ക്യാപ്റ്റനായി ജോലിചെയ്യുന്നയാളാണ് മുംബയ് സ്വദേശിയായി സ്മിത് മിച്ചാർ. പതിനൊന്ന് വർഷത്തോളം സ്‌പൈസ് ജെറ്റിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 13 വർഷത്തിലധികം കൊമേഴ്സ്യൽ ഫ്ലൈയിംഗിൽ പരിചയമുള്ള സ്മിത്തിന് ബോയിംഗ് 737 വിമാനങ്ങൾ പറത്തുന്നതിൽ ഏകദേശം 9,750 മണിക്കൂറിലധികം പ്രവൃത്തിപരിചയമുണ്ട്. 11 വർഷത്തിലേറെ അദ്ദേഹം സ്‌പൈസ് ജെറ്റിൽ സീനിയർ കമാൻഡറായും പരീശീലകനായുമാണ് ജോലിചെയ്തത്.

English Summary

Indian pilot Captain Smith Machar was praised by PM Modi, Netanyahu, and Trump for thwarting a co-pilot's attempt to crash a FlyDubai flight. Machar, stabbed by the Omani co-pilot, saved 174 passengers en route to Tel Aviv, leading to an emergency landing in Tabuk, Saudi Arabia. His decisive action averted a major disaster.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMITH MACHAR, PM NARENDRA MODI, INDIAN CAPTAIN SAVES PASSENGERS, FLYDUBAI PLANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360