SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.17 AM IST

മതം മാറിയാൽ പട്ടിക വിഭാഗ സംരക്ഷണമില്ല

court

ന്യൂഡൽഹി: ക്രിസ്‌തു മതം സ്വീകരിച്ച പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് എസ്.സി/എസ്.ടി നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. പരിവർത്തിത ക്രൈസ്‌തവരാകുന്നതോടെ എസ്.സി/എസ്.ടി പദവി നഷ്‌ടപ്പെടുമെന്നും സുപ്രീംകോടതി പറഞ്ഞു. ഹിന്ദു,​ സിഖ്,​ ബുദ്ധ വിഭാഗങ്ങൾക്കേ പട്ടികജാതി/പട്ടികവർഗ പദവിയും സംരക്ഷണവും ലഭിക്കൂ. ഇവയ്‌ക്കു പുറത്തുള്ള മതത്തിലേക്ക് പോയാൽ എസ്.സി/എസ്.ടി വിഭാഗമായി കണക്കാക്കാനോ, ആ പദവിക്കായി അവകാശപ്പെടാൻ കഴിയില്ല. അക്കാര്യം 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിലെ ക്ലോസ് മൂന്നിലുണ്ടെന്നും ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര,​ എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന നിമിഷം ദളിതുകളുടെ എസ്.സി/എസ്.ടി പദവി നഷ്‌ടപ്പെടുമെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികവിഭാഗ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ, ബന്ധപ്പെട്ട അധികാരികളാണ് തീരുമാനമെടുക്കേണ്ടത്. സർട്ടിഫിക്കറ്റ് റദ്ദാക്കിയില്ല എന്നതുകൊണ്ട് പദവിയോ സംരക്ഷണമോ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

 ഹർജിക്കാരന് രണ്ടു മതം

ആന്ധ്രാപ്രദേശ് പിത്തലവാണിപാലം സ്വദേശിയും പാസ്റ്ററുമായ ചിന്ദാഡ ആനന്ദിന്റെ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ജാതി അധിക്ഷേപവും, വധഭീഷണിയും നേരിട്ടെന്നായിരുന്നു പരാതി. തുടർന്ന് എസ്.സി/എസ്.ടി വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ പരാതിക്കാരൻ ദളിതനാണെങ്കിലും, ക്രിസ്‌തു മതത്തിലേക്ക് മാറിയതോടെ ആ പദവി നഷ്‌ടമായെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചു. എസ്.സി/എസ്.ടി നിയമം നിലനിൽക്കില്ലെന്ന പ്രതി ഭാഗത്തിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കി. തുടർന്നാണ് പാസ്റ്റർ സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ പരാതിക്കാരൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുപോയി. എന്നാൽ പാസ്റ്ററുടെ ജോലി തുടർന്നു. ജാതി അധിക്ഷേപം നേരിട്ടെന്ന് പറയുന്ന സമയത്തും വീട്ടിൽ സുവിശേഷ പ്രാർത്ഥന നടത്തിയിരുന്നു. അതിനാൽ ക്രിസ്‌ത്യാനിയായി മാത്രമേ കണക്കാക്കാൻ കഴിയൂയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്നാണ് പാസ്റ്ററുടെ അപ്പീൽ തള്ളിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360