
ലക്‌നൗ: കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ച ശതാബ്‌ദി എക്‌സ്‌പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു. കല്ലേറുണ്ടായ വശത്തിന് നേരെ എതിർദിശയിലുള്ള സീറ്റിലാണ് അദ്ദേഹം ഇരുന്നിരുന്നത്. അതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ കടന്നുപോകുമ്പോഴാണ് മോഹൻ ഭഗവത് ഇരുന്ന ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ട്രെയിൻ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനിൽ നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തു. കല്ലേറിൽ ട്രെയിനിന്റെ ജനൽചില്ലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ട സമയത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലെറിഞ്ഞ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നത് പതിവാണെങ്കിലും മോഹൻ ഭഗവത് സഞ്ചരിച്ച കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് വൈകിട്ട് നാല് മണിക്ക് മോഹൻ ഭാഗവത് തിരുവനന്തപുരത്തെത്തും. തുടർന്ന് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. ശനിയും ഞായറും തിരുവനന്തപുരത്തും തൃശൂരുമാണ് പരിപാടി. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ 13ന് വൈകിട്ട് നാലരയ്ക്കാണ് ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ അദ്ദേഹം സംസാരിക്കുക. 14ന് വൈകിട്ട് നാലരയ്ക്ക് തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിലാണ് പരിപാടി. 15ന് രാവിലെ എട്ടരയോടെ കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |