
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി ഡൽഹിയിൽ എത്തിയിരിക്കെ പാർട്ടിയിൽ വൻ പൊട്ടിത്തെറി. തൃണമൂലിന്റെ 28 ലോക്സഭാ എംപിമാരിൽ 20 പേർ എൻഡിഎ സഖ്യത്തിൽ ചേരാൻ ഒരുങ്ങുന്നതായി വിവരം. ജനവിധി മാനിച്ച് തങ്ങളുടെ ഭാവി രാഷ്ട്രീയം എൻഡിഎയ്‌ക്കൊപ്പമായിരിക്കുമെന്ന് പാർട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയതിൽ അസംതൃപ്തയായ മുതിർന്ന നേതാവ് കാകൊളി ഘോഷ് ദസ്തിദാർ വ്യക്തമാക്കി.
താനടക്കം 20 തൃണമൂൽ എംപിമാർ എൻഡിഎയുടെ ഭാഗമാകാനുള്ള തങ്ങളുടെ താല്പര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയക്കാൻ തീരുമാനിച്ചതായി ദസ്തിദാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ശിവസേനയിലെ പിളർപ്പിന് സമാനമായ സംഭവങ്ങളാണ് നിലവിൽ പശ്ചിമ ബംഗാളിലും നടക്കുന്നത്. സംസ്ഥാനത്ത് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 58 എംഎൽഎമാർ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും തങ്ങളാണ് യഥാർത്ഥ തൃണമൂൽ എന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
ലോക്സഭയിലെ തൃണമൂൽ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ദസ്തിദാറെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതു മുതലാണ് അതൃപ്തി പരസ്യമായത്. ഇതിന് പിന്നാലെ ബാരാസത് എംപിയായ ദസ്തിദാർ പാർട്ടി പദവികൾ രാജിവയ്ക്കുകയും, രാഷ്ട്രീയ കൺസൾട്ടൻസി കമ്പനിയായ ഐപാക്കിനെ പാർട്ടി കാര്യങ്ങൾ ഏൽപ്പിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബംഗാളിൽ തൃണമൂലിന്റെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കാണുന്നത്. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കൾക്കെതിരെ ജനരോഷം ശക്തമാണ്. രണ്ടാം നിര നേതാക്കളും നൂറോളം കൗൺസിലർമാരും ഇതിനകം പാർട്ടി വിട്ടുകഴിഞ്ഞു. മുൻപൊക്കെ ബഹുമാനത്തോടെ 'ദീദി എന്ന് മാത്രം വിളിച്ചിരുന്ന മമത ബാനർജിയെ, ഇപ്പോൾ അണികൾ പേരെടുത്ത് വിളിക്കാൻ തുടങ്ങിയത് പാർട്ടിയിലുണ്ടായ അധികാരക്ഷയത്തിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |