
ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ജൂൺ 30ന് ശേഷം 10, 20, 50, 100 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉത്തരവിട്ടതായാണ് പ്രചരിക്കുന്ന വാർത്ത. രാജ്യത്ത് വീണ്ടും നോട്ടുനിരോധനം വരുമെന്നും അതിൽ ജനങ്ങൾ ബുദ്ധിമുട്ടുമെന്ന തരത്തിലുള്ള ആശങ്ക ഇതോടെ ഉയർന്നിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പേരിൽ പ്രചരിക്കുന്ന ഈ ഉത്തരവിന്റെ സത്യാവസ്ഥ എന്താണ്? ജൂൺ 30ന് ശേഷം ഈ നോട്ടുകൾ നിരോധിക്കുമോ? ഇക്കാര്യത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് എന്താണെന്ന് പരിശോധിക്കാം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്ര അറിയിച്ചു. '2005ന് മുമ്പുള്ള 10, 20, 50, 100 രൂപ നോട്ടുകൾ 2026 ജൂൺ 30 ന് ശേഷം ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖകളിൽ സ്വീകരിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ വിവരങ്ങൾ തെറ്റാണെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു'- ബാങ്ക് ഓഫ് മഹാരാഷ്ട്ര ഫേസ്ബുക്കിൽ കുറിച്ചു.
ചില ബാങ്കുകൾ പത്ത് മുതൽ 100 രൂപ വരെയുള്ള നോട്ടുകൾ നിരോധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പേരിലാണ് സന്ദേശം പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് സന്ദേശം പ്രചരിപ്പിച്ചത്. എന്നാൽ ഇക്കാര്യം വ്യാജമാണെന്ന് അവകാശപ്പെട്ട് ബാങ്ക് രംഗത്തെത്തിയതോടെ ഊഹാപോഹങ്ങൾ അവസാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും വ്യക്തമായി.
2005ന് മുമ്പുള്ള മഹാത്മാഗാന്ധി സീരീസ് നോട്ടുകളുടെ പ്രചാരം ഗണ്യമായി കുറഞ്ഞുവെന്നും ആവശ്യമെങ്കിൽ ആളുകൾക്ക് അവ മാറ്റി നൽകാമെന്നും റിസർവ് ബാങ്ക് 2015ൽ ഒരു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എങ്കിലും ഈ നോട്ടുകൾ നിയമപരമായി കൈമാറ്റം ചെയ്യാമെന്നും ഉത്തവിൽ പറയുന്നു. വ്യാജനോട്ടുകൾ തടയുന്നതിന് മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകൾ പുറത്തിറങ്ങുന്നത്. പഴയ നോട്ടുകൾ നിരോധിക്കുന്നതായുള്ള ഒരു ഉത്തരവും ഇതുവരെ പുറത്തുവന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |