ഒരു യുവാവിനെ പണം കൊടുത്ത് ജിമ്മിൽ നിന്ന് പുറത്താക്കിയെന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കേൾക്കുമ്പോൾ സ്വാഭാവികമായി തോന്നുമെങ്കിലും പുറത്താക്കലിന് പിന്നിലെ കാരണം അമ്പരപ്പിച്ചിരിക്കുകയാണ്.
അമിതമായ ശരീരദുർഗന്ധമാണ് പുറത്താക്കലിന് പിന്നിലെ കാരണം. ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ 'ഷി' എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. മറ്റ് അംഗങ്ങളിൽ നിന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് ജിം അധികൃതർ യുവാവിനെ പുറത്താക്കിയത്.
കഴിഞ്ഞ വർഷമാണ് ഷി ഈ ജിമ്മിൽ വലിയൊരു തുക നൽകി മൂന്ന് വർഷത്തെ മെമ്പർഷിപ്പ് എടുത്തത്. ആഴ്ചയിൽ അഞ്ച് ദിവസവും അദ്ദേഹം ജിമ്മിൽ കൃത്യമായി എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നുള്ല കടുത്ത ദുർഗന്ധം കാരണം തങ്ങൾക്ക് വ്യായാമം ചെയ്യാൻ സാധിക്കുന്നില്ലെന്ന് മറ്റുള്ളവർ ജിം അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവാവിനെ പുറത്താക്കിയത്.
ഓരോ ഉപഭോക്താവും തങ്ങൾക്ക് പ്രധാനമാണെന്നും എന്നാൽ ഷി ഉപയോഗിക്കുന്ന മെഷീനുകളുടെ അടുത്തുപോലും നിൽക്കാൻ മറ്റുള്ളവർക്ക് സാധിക്കാത്തവിധം ദുർഗന്ധമുള്ളതായി നിരന്തരം പരാതികൾ ലഭിച്ചതിനാലാണ് ഈ തീരുമാനമെന്നും ജിം അധികൃതർ വ്യക്തമാക്കി. മെമ്പർഷിപ്പിന്റെ ബാക്കി കാലാവധിയുടെ തുക തിരികെ നൽകിയാണ് യുവാവിനെ പുറത്താക്കിയത്. കൂടാതെ മറ്റൊരു ജിമ്മിലെ മൂന്ന് മാസത്തെ സൗജന്യ മെമ്പർഷിപ്പ് കാർഡും ജിം അധികൃതർ അദ്ദേഹത്തിന് നൽകി.
തനിക്ക് അമിതമായി വിയർക്കുന്ന സ്വഭാവമുണ്ടെന്ന് സമ്മതിച്ച ഷി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എപ്പോഴും ശരീരവും മെഷീനുകളും തുടയ്ക്കാൻ ഒന്നിലധികം ടവ്വലുകൾ കയ്യിൽ കരുതാറുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. വീടിനടുത്തുള്ള ഈ ജിമ്മിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഷി ഒരു പ്രാദേശിക മാദ്ധ്യമത്തെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജിമ്മിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |