വിവാഹാഭ്യർത്ഥന നടത്തുമ്പോൾ കാമുകിക്ക് സമ്മാനിക്കാനായി വിലകൂടിയ മോതിരങ്ങൾ വാങ്ങുന്നവരാകും പലരും. എന്നാൽ, നദികളിൽനിന്ന് സ്വർണത്തരികൾ അരിച്ചെടുത്ത ശേഷം അതുപയോഗിച്ച് നിർമ്മിച്ച മോതിരം കാമുകിക്ക് നൽകി വ്യത്യസ്തനാവുകയാണ് ഒരു യുവാവ്. കൊളറാഡോയിലെ വീറ്റ് റിഡ്ജി സ്വദേശിയായ ജാക്ക് വൾക്കാനിയാണ് കാമുകി ജോവാനുവേണ്ടി വേറിട്ട സമ്മാനം ഒരുക്കിയത്.
മാസങ്ങളോളം നദികളിലെ മണൽ അരിച്ചുകിട്ടിയ ചെറിയ സ്വർണത്തരികൾ കൂട്ടിവച്ചാണ് ജാക്ക് മോതിരം നിർമ്മിക്കുന്നതിനുള്ള സ്വർണം കണ്ടെത്തിയത്. കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് മോതിരം സ്വയം നിർമ്മിച്ചാലോയെന്ന ആശയം ജാക്കിന്റെ മനസിലുദിച്ചത്. തുടർന്ന് കൊളറാഡോയിലെ വിവിധ നദികളിലായി സ്വർണം തേടിയുള്ള യാത്രകൾ ആരംഭിച്ചു. ഓരോ തവണയും ചെറിയ തരികൾ വീതമാണ് ലഭിച്ചത്. തന്റെ ലക്ഷ്യം നിറവേറുന്നതിന് കുറച്ചധികം കാലം വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിട്ടും പിൻമാറാൻ ജാക്ക് തയ്യാറായിരുന്നില്ല.
ആവശ്യത്തിനുള്ള സ്വർണം ശേഖരിച്ചശേഷം ജാക്ക് വീറ്റ് റിഡ്ജിലെ ജുവലറി ഉടമ സാക് അലനെ സമീപിച്ചു. ജാക്കിന്റെ കഥ കേട്ടപ്പോൾ അലനും ആവേശമായി. ഇതോടെ സ്വന്തമായി ശേഖരിച്ച സ്വർണത്തരികൾ ഉപയോഗിച്ചൊരു മോതിരമെന്ന ജാക്കിന്റെ ആഗ്രഹവും സഫലമായി.
മോതിരം നിർമ്മിക്കുന്ന കാര്യം ജോവാൻ അറിയാതിരിക്കാൻ ജാക്ക് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തനിക്കുവേണ്ടി ജാക്ക് ഇത്രയും കഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ ജോവാന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. സമ്മാനത്തിന്റെ വിലയെക്കാൾ അതിന് പിന്നിലെ സ്നേഹവും അദ്ധ്വാനവുമാണ് തന്നെ സ്പർശിച്ചതെന്ന് ജോവാൻ വ്യക്തമാക്കി.
An American man collected gold from Colorado rivers for months to craft a unique engagement ring for his girlfriend, making his proposal a heartfelt surprise.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |