ജോലിക്കായുള്ള അഭിമുഖത്തിൽ സാധാരണയായി ആ മേഖലയുമായോ പഠിച്ച വിഷയങ്ങളുമായോ ബന്ധപ്പെട്ട് പല തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്‌തമായുണ്ടായ അനുചിതമായ ഒരനുഭവത്തിന്റെ ഞെട്ടലിലാണ് ശതാക്ഷി ദ്വിവേദിയെന്ന യുവതി. ജോലിക്കായുള്ള അഭിമുഖത്തിനിടെ, ഉടൻ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്ന് എച്ച്ആർ പ്രതിനിധി ചോദിച്ചതായാണ് യുവതി വെളിപ്പെടുത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവതിയുടെ തുറന്നുപറച്ചിൽ.
താമസസ്ഥലത്തെക്കുറിച്ചും ഓഫീസിലേക്കുള്ള യാത്രയെക്കുറിച്ചുമായിരുന്നു ആദ്യം സംസാരിച്ചത്. യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ലെന്നും കൂട്ടിക്കൊണ്ട് പോകാൻ ഭർത്താവെത്തുമെന്നും പറഞ്ഞതോടെ ഉടൻ കുഞ്ഞിനെക്കുറിച്ച് ചോദിക്കുകയായിരുന്നു. ഉടൻ കുഞ്ഞുങ്ങൾ വേണമെന്ന് പദ്ധതിയില്ലല്ലോ, അല്ലേ? എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യമെന്നും ഇത് തന്നെ ഞെട്ടിച്ചെന്നും യുവതി പറയുന്നു.
സ്‌ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന സ്ഥാപനങ്ങൾതന്നെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് വിരോധാഭാസമാണെന്നും ശതാക്ഷി പ്രതികരിച്ചു. സ്‌ത്രീകൾ നേരിടുന്ന തൊഴിൽപരമായ വിവേചനത്തെയും ഇത്തരം ചോദ്യങ്ങൾ തുറന്നുകാട്ടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അഭിമുഖം നടത്തിയ സ്ഥാപനത്തിന്റെ പേര് യുവതി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ വഴിതുറന്നു.
ജോലിക്കായുള്ള അഭിമുഖത്തിൽ വിവാഹം, കുട്ടികൾ, കുടുംബാസൂത്രണം എന്നിവയെക്കുറിച്ച് സമാനമായ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നിരവധി പേർ പ്രതികരിച്ചു. അവിവാഹിതരായ സ്ത്രീകളോട് വിവാഹത്തെക്കുറിച്ചും വിവാഹിതരായ സ്‌ത്രീകളോട് കുഞ്ഞിനെക്കുറിച്ചും ചോദിക്കാറുണ്ടെന്ന് ഒരാൾ കുറിച്ചു. വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ഇത്തരം ചോദ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നുമാണ് കൂടുതൽ പേരും പ്രതികരിക്കുന്നത്. തൊഴിൽരംഗത്തെ തുല്യാവസരങ്ങളെക്കുറിച്ചും സ്‌ത്രീകളുടെ സ്വകാര്യതയെക്കുറിച്ചുമുള്ള ചർച്ചകളിലേക്കാണ് സംഭവം വഴിതുറന്നിരിക്കുന്നത്.
Shatakshi Dwivedi was shocked when an HR representative asked about her plans to have a baby during a job interview, sparking debate over workplace discrimination against women.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |