SignIn
Kerala Kaumudi Online
Tuesday, 07 July 2026 10.32 PM IST

പള്ളിയും വീടുകളും ഇപ്പോഴും അതുപോലെ തന്നെ, 1,600 വർഷം മരുഭൂമിക്കടിയിൽ മറഞ്ഞിരുന്ന പുരാതന നഗരം കണ്ടെത്തി ഗവേഷകർ

-lost-city
travel lost city discovered egypt desert

കെയ്റോ: ഫറവോമാരുടെയും പിരമിഡുകളുടെയും രഹസ്യങ്ങൾ കൊണ്ട് ലോകത്തെ എക്കാലത്തും അമ്പരപ്പിച്ചിട്ടുള്ള രാജ്യമാണ് ഈജിപ്ത്. ഇപ്പോഴിതാ, ചരിത്രകാരന്മാരെപ്പോലും ഞെട്ടിച്ച് മരുഭൂമിയുടെ അടിയിൽ നിന്ന് 1,600 വർഷം പഴക്കമുള്ള, പള്ളിയും, വാച്ച് ടവറുകളും, തിരക്കേറിയ തെരുവുകളും ഉൾപ്പെടുന്ന ഒരു പുരാതന നഗരം കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. ഈജിപ്തിലെ ദാഖ്‌ല ഒയാസിസിന് സമീപമാണ് നാലാം നൂറ്റാണ്ടിലെ അത്ഭുത നഗരം കണ്ടെത്തിയത്.

പുരാതന റോമൻ ക്രിസ്ത്യൻ യുഗത്തിലെ (ബൈസാന്റൈൻ കാലഘട്ടം) ജനവാസ കേന്ദ്രം ഒരു കേടുപാടും കൂടാതെയാണ് മണലിനടിയിൽ സംരക്ഷിക്കപ്പെട്ടിരുന്നത്. അന്നത്തെ മനുഷ്യരുടെ ദൈനംദിനജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിക്കുന്ന തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വളഞ്ഞ മേൽക്കൂരകളുള്ള വീടുകൾ, അടുക്കളകൾ, റൊട്ടി ചുട്ടെടുക്കാനുള്ള അടുപ്പ്, ധാന്യങ്ങൾ പൊടിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന കല്ല് കൊണ്ടുണ്ടാക്കിയ മില്ലുകൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. നീളത്തിലും വീതിയിലുമുള്ള റോഡുകൾ കൃത്യമായി കൂട്ടിമുട്ടുന്ന രീതിയിൽ പ്ലാൻ ചെയ്ത് ഉണ്ടാക്കിയ നഗരമാണിത്.

lost-city
നാലാം നൂറ്റാണ്ടിലെ ഒരു വീടിന്റെ അടുക്കള.

നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രധാന തെരുവിന് അഭിമുഖമായി ഒരു വലിയ ബസിലിക്ക പള്ളിയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കച്ചവട വിവരങ്ങളും കത്തുകളും ഗ്രീക്ക് ഭാഷകളിൽ ആലേഖനം ചെയ്‌ത ഇരുനൂറോളം കളിമൺ പാത്രക്കഷണങ്ങളും പഴയ നാണയങ്ങളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇതുകൂടാതെ മറ്റൊരു അമ്പരപ്പിക്കുന്ന കണ്ടെത്തലും ഉണ്ടായി. അലക്സാണ്ട്രിയ തീരത്തിനടുത്തുള്ള മരീന എൽഅലാമീൻ എന്ന സ്ഥലത്തുനിന്നും 18 പഴയ ശവകുടീരങ്ങളിൽ നിന്നും വായിൽ സ്വർണ നാക്കുള്ള ചില മൃതദേഹങ്ങളും ഗവേഷകർ കണ്ടെത്തി. എട്ടടി നീളമുള്ള ഒരു കരിങ്കൽ ശവപ്പെട്ടിയിൽ മനുഷ്യന്റെ അസ്ഥികൂടവും ഉണ്ടായിരുന്നു.

മരണാനന്തര ജീവിതത്തിൽ ദൈവത്തോട് സംസാരിക്കാൻ മരിച്ചവരെ സഹായിക്കുമെന്ന ഗ്രീക്ക്‌ -റോമൻ വിശ്വാസത്തിന്റെ ഭാഗമായാണ് ഇങ്ങനെ 'സ്വർണ നാവുകൾ' വച്ചിരുന്നത്. ഇതോടൊപ്പം 4,600 വർഷം പഴക്കമുള്ള ഈജിപ്തിലെ 'ഗ്രേറ്റ് പിരമിഡ്' വലിയ ഭൂകമ്പങ്ങളെ എങ്ങനെയാണ് അതിജീവിച്ചതെന്ന രഹസ്യവും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.8 വരെയുള്ള ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടും പിരമിഡിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല.

lost-city-egypt
പുരാതന ശവകുടീരങ്ങൾ.

ഇതിനു കാരണം ഉറപ്പുള്ള വലിയ ചുണ്ണാമ്പുകല്ല് പാറകൾക്ക് മുകളിലാണ് പിരമിഡ് പണിതിരുന്നത്. എല്ലാ വശങ്ങളും ഒരേപോലെയുള്ള അവയുടെ ത്രികോണ ആകൃതി ഭൂകമ്പത്തിന്റെ കുലുക്കത്തെ തടഞ്ഞുനിർത്താൻ സഹായിച്ചിരുന്നു. പിരമിഡിനകത്തെ രാജാവിന്റെ മുറിക്ക് മുകളിലായി ഭൂകമ്പത്തിന്റെ മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പ്രത്യേക അറകളും നിർമ്മിച്ചിട്ടുണ്ട്.

പഴയകാല ഈജിപ്തിലെ ആളുകളുടെ സാങ്കേതികവിദ്യയും സംസ്‌കാരവും എത്രത്തോളം മുന്നിലായിരുന്നു എന്ന് കാണിക്കുന്നതാണ് ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ. മണലിനടിയിൽ ഒളിഞ്ഞിരുന്ന ഈ നഗരത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOST CITY, EGYPT DESERT, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360