
ഭോപ്പാൽ: യൂട്യൂബിൽ ഹോം ടൂർ വീഡിയോ പങ്കുവച്ച യൂട്യൂബറുടെ പത്തുലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളടക്കം മോഷണം പോയി. മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. വീട്ടമ്മയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പുലർച്ചെ വീട്ടിലെത്തിയ മോഷ്‌ടാക്കൾ ഉറങ്ങിക്കിടക്കുകയായിരുന്ന രചനയെയും കുടുംബാംഗങ്ങളെയും മുറിയിലിട്ട് പൂട്ടിയതിനുശേഷം സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, ഒരു വലിയ ബോട്ടിൽ എനർജി ഡ്രിങ്ക് എന്നിവയുമായി കടന്നുകളയുകയായിരുന്നു. പത്തുലക്ഷം മൂല്യമാണ് ഇവയ്ക്കുള്ളതെന്നാണ് പൊലീസ് പറയുന്നു. മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകളുടെ ദിശ മാറ്റിവച്ചതായും പൊലീസ് കണ്ടെത്തി.
ഉറക്കമുണർന്നപ്പോഴാണ് മോഷണവിവരം രചനയും കുടുംബവും അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ഇവർ പുറത്തിറങ്ങാനായില്ല. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തിയതിനുശേഷമാണ് പുറത്തിറങ്ങാനായത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. പ്രദേശവാസികളോ ബന്ധുക്കളോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് രചനയ്ക്കുള്ളത്. അടുത്തിടെ തന്റെ വീട്, ആഭരണങ്ങൾ, പണം, ജീവിതശൈലി എന്നിവ കാണിക്കുന്ന വീഡിയോകൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയിൽ മുറികളുടെ പ്രവേശന കവാടം മുതൽ വീടിന്റെ വിവിധ ഭാഗങ്ങൾ വരെ ഇവർ കാണിക്കുന്നുണ്ട്. മറ്റൊന്നിൽ, ആഭരണങ്ങളും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഒരു മേശപ്പുറത്ത് വച്ചിരിക്കുന്നത് വീഡിയോയിൽ പങ്കുവയ്ക്കുകയും ചെയ്തു. മോഷ്ടാക്കൾ ഇതുകണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |