SignIn
Kerala Kaumudi Online
Tuesday, 11 August 2026 7.51 PM IST

'മത്സരഗതി മാറ്റിയ അസാധാരണ ക്യാച്ച്'; സൂര്യയുടെ ലോകകപ്പ് ഫൈനലിലെ ക്യാച്ചിനെക്കുറിച്ച് മുൻ പരിശീലകൻ

dileep-suryakumar-yadav
മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ഇന്ത്യൻ താരം സുര്യകുമാർ യാദവ്

മുംബയ്: 2024 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാർ യാദവ് എടുത്ത അസാധാരണ ക്യാച്ചിനെക്കുറിച്ച് മനസ് തുറന്ന് അന്നത്തെ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ടി ദിലീപ്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ വന്ന ക്യാച്ച് കളിയിലെ വഴിത്തിരിവായിരുന്നുവെന്നും അത് ഡ്രസിംഗ് റൂമിൽ വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആദ്യത്തെ കുറേ സെക്കൻഡുകൾ ഞാൻ നിശബ്ദനായിരുന്നു. കാരണം എന്റെ മനസ് അപ്പോൾ വലിയ കണക്കുകൂട്ടലുകളിലായിരുന്നു. സൂര്യ പന്ത് കൃത്യമായി കൈയിലൊതുക്കിയോ, കാൽ ബൗണ്ടറി ലൈനിന് പുറത്തായിരുന്നോ എന്നെല്ലാം ഞാൻ വിലയിരുത്തുകയായിരുന്നു. എന്നാൽ അതൊരു ക്ലീൻ ക്യാച്ചാണെന്ന് ഉറപ്പായതോടെ അളവറ്റ സന്തോഷം മനസിലേക്ക് ഇരച്ചെത്തി. എങ്കിലും മത്സരശേഷം ഇനിയും കുറേ കാര്യങ്ങൾ ബാക്കിയുണ്ടെന്ന് എന്റെ മനസ് ഓർമ്മിപ്പിച്ചു. ആ മത്സരത്തിൽ സൂര്യ എടുത്തത് അത്യപൂർവ്വമായ ക്യാച്ച് തന്നെയായിരുന്നു'- ദിലീപ് കൂട്ടിച്ചേർത്തു.


ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. വിരാട് കൊഹ്‌ലിയുടെയും (76) അക്സർ പട്ടേലിന്റെയും (47) തകർപ്പൻ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 177 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ ജയത്തിലേക്ക് 16 റൺസ് മാത്രം ആവശ്യമായിരുന്ന അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലർ അടിച്ച ഷോട്ട് ലോംഗ് ഓഫിന് മുകളിലൂടെ സിക്‌സർ ആകേണ്ടതായായിരുന്നു.

എന്നാൽ ബൗണ്ടറി ലൈനിൽ വച്ച് അത്ഭുതകരമായി പന്ത് കൈയിലൊതുക്കിയ സൂര്യകുമാർ, ബാലൻസ് തെറ്റി പുറത്തേക്ക് പോകും മുൻപ് പന്ത് വീണ്ടും മുകളിലേക്ക് എറിഞ്ഞ് ക്യാച്ച് പൂർത്തിയാക്കുകയായിരുന്നു. മത്സരത്തിന്റെ വിധി മാറ്റിയെഴുതിയ നിമിഷമായിരുന്നു അത്. തുടർന്ന് ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച ഡെത്ത് ഓവർ പ്രകടനം ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.


2021 മുതൽ ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് കോച്ചായി സേവനമനുഷ്ഠിച്ച ടി ദിലീപിന്റെ കരാർ അവസാനിച്ചതോടെ, വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള പുതിയ ഫീൽഡിംഗ് കോച്ചായി സുഭദീപ് ഘോഷിനെയാണ് നിയമിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 15ന് ഗാലെയിൽ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23ന് കൊളംബോ എസ്‌എസ്‌സി സ്റ്റേഡിയത്തിൽ നടക്കും.

English Summary

Former India fielding coach T. Dilip has recalled Suryakumar Yadav’s stunning catch to dismiss David Miller in the 2024 T20 World Cup final against South Africa. Dilip said he initially remained silent while checking whether the catch was clean, but was overwhelmed with joy once it was confirmed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYAKUMAR YADAV, T DILEEP, T20 WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360