SignIn
Kerala Kaumudi Online
Saturday, 22 August 2026 3.14 PM IST

പേസ‍ർമാർ മത്സരിച്ച് എറിഞ്ഞിട്ടു; ബംഗ്ളാദേശ്-ഓസീസ് രണ്ടാം ടെസ്റ്റിൽ ഒറ്റ ദിവസം വീണത് 18 വിക്കറ്റുകൾ!

starc-and-shoriful-islam
ഓസ്ട്രേലിയ-ബംഗ്ളാദേശ് മത്സരത്തിനിടെ ഷൊറിഫുൾ ഇസ്ലാം, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്

മക്കയ്: ഓസ്ട്രേലിയ-ബംഗ്ളാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മക്കേയ്‌യിലെ ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ വീണത് 18 വിക്കറ്റുകൾ. ഇരുടീമുകളിലെയും ബൗളർമാർ ഒരുപോലെ തിളങ്ങിയപ്പോൾ ബാറ്റ്സ്മാൻമാർക്ക് അടിപതറുകയായിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യ മത്സരത്തിലെ വിജയികളായ ബംഗ്ളാദേശിനെ ബാറ്റിംഗിനായി അയക്കുകയായിരുന്നു. 64 റൺസിൽ ബംഗ്ളാദേശ് ഓൾഔട്ടായി. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ ഏറ്റവും കുറഞ്ഞ സ്കോറും ഓസ്ട്രേലിയക്കെതിരെ ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോറും ഇതാണ്.

മറുപടി ഇന്നിംഗ്സിൽ ബംഗ്ളാദേശും പിടിമുറുക്കിയതോടെ വിക്കറ്റുകളുടെ എണ്ണം വളരെ വേഗത്തിൽ കൂടി. ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയിൽ തിളങ്ങിയത്. 12 റൺസ് വഴങ്ങി ആറുവിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 10 വിക്കറ്റും നഷ്ടമായപ്പോൾ 64 റൺസ് നേടാനേ ബംഗ്ളാദേശിന് കഴിഞ്ഞുള്ളൂ. ബംഗ്ലാദേശിന്റെ മുൻനിരയെ തുടക്കത്തിൽ തന്നെ തകർത്ത സ്റ്റാർക്ക് നാലാം തവണയാണ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്തിൽ വിക്കറ്റ് നേടുന്നത്. ഒരു ഘട്ടത്തിൽ 12 റൺസിനിടെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. അവസാന വിക്കറ്റിലെ 25 റൺസിന്റെ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ കൂടുതൽ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

64 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കിയ ഓസ്‌ട്രേലിയയ്ക്ക് മത്സരത്തിൽ വ്യക്തമായ മേൽക്കൈ നേടാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന് മുന്നിൽ ഓസ്ട്രേലിയൻ ബാറ്റർമാർക്കും അടിതെറ്റുന്ന കാഴ്ചയ്ക്കാണ് ഗ്രേറ്റ് ബാരിയർ റീഫ് അരീന സാക്ഷിയായത്. ഇടംകൈയൻ പേസർ ഷൊറിഫുൾ ഇസ്ലാമിന്റെ മികച്ച ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഓസ്ട്രേലിയ ആറ് ബാറ്റസ്മാൻമാർ പുറത്തായി. 35 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് ഷൊറിഫുൾ സ്വന്തമാക്കിയത്.

ഓസ്ട്രേലിയയുടെ മുൻനിരയിൽ മാറ്റ് റെൻഷോ, മാർനസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ് എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല. സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനും ചേർന്ന് ഇന്നിംഗ്സ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്മിത്ത് പുറത്തായതോടെ ഓസ്ട്രേലിയ വീണ്ടും തകർന്നു. നാലിന് 145റൺസും എന്ന നിലയിൽ നിന്ന് എട്ടിന് 148 എന്ന നിലയിലേക്കാണ് ഓസ്ട്രേലിയ വീണത്. എന്നാൽ കാമറൂൺ ഗ്രീൻ പുറത്താകാതെ 81 പന്തിൽ 51 റൺസുമായി ഓസ്ട്രേലിയയ്ക്ക് നിർണായക ലീഡ് നേടിക്കൊടുത്തു.

ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 40 ഓവറിൽ 165 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്. നിലവിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 101 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണുള്ളത്. പത്ത് റൺസുമായി നേഥൻ ലയണും 51 റൺസുമായി കാമറൂൺ ഗ്രീനുമാണ് നിലവിൽ ക്രീസിലുള്ളത്. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനോട് ഒമ്പത് വിക്കറ്റിന് തോറ്റ ഓസ്ട്രേലിയയ്ക്ക് പരമ്പര സമനിലയിലാക്കാൻ രണ്ടാം ടെസ്റ്റിൽ വിജയം അനിവാര്യമാണ്. അതേസമയം, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രപരമായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്.

English Summary

Eighteen wickets fell on day one of the Australia vs Bangladesh second Test. Bangladesh were bowled out for 64 runs, their lowest Test score against Australia, with Mitchell Starc taking 6/12. Australia, despite Shoriful Islam's 6/35, ended the day at 165/8, securing a 101-run first-innings lead, thanks to Cameron Green's unbeaten 51.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUSTRALIA BANGLADESH TEST, 18 WICKETS, MITCHELL STARC, SHORIFUL ISLAM, MACKAY TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360